വെളുത്തുള്ളിയുടെ തൊലി കളയാൻ ഈ ടിപ്‌സ് ഉപയോഗിച്ചു നോക്കൂ
വെളുത്തുള്ളി മിക്ക ഇന്ത്യൻ കറികളിലും ഒരു പ്രധാന ഘടകമാണ്. കറികൾക്ക് മണവും സ്വാദും നൽകാൻ മാത്രമല്ല, ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വെളുത്തുള്ളിക്ക് കഴിയും.എന്നാൽ വെളുത്തുള്ളിയുടെ തൊലി കളയുക എന്നത് എല്ലാവരെയും സംബന്ധിച്ച് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതാ വെളുത്തുള്ളിയുടെ തൊലി കളയാൻ സഹായകമാവുന്ന ചില ടിപ്‌സുകൾ
പാത്രങ്ങൾ ഉപയോഗിക്കാം
വെളുത്തുള്ളി അല്ലികൾ അടർത്തി ഒരു സ്റ്റീൽപാത്രത്തിലേയ്ക്കു മാറ്റാം. മറ്റൊരു സ്റ്റീൽ പാത്രം ഉപയോഗിച്ച് അത് അടച്ചു പിടിച്ച് കുലുക്കാം. 10 മുതൽ 20 മിനിറ്റ് വരെ ഇത് ശക്തമായി കുലക്കാം. വെളുത്തുള്ളിയുടെ അല്ലി താനേ ഇളകിപ്പോരും
പതിനഞ്ചു മിനിറ്റ് ചൂടുവെള്ളത്തിൽ മുക്കുക
അല്ലികളാക്കിയ വെളുത്തുള്ളി ഒരു പാത്രത്തിൽ എടുത്ത ചൂടുവെള്ളത്തിലേക്ക് ഇടുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് വെള്ളം ഊറ്റിക്കളഞ്ഞു കൈകൊണ്ടു ഞരടിയാൽ ഇവയുടെ തൊലി എളുപ്പത്തിൽ ഊർന്നുപോകുന്നത് കാണാം.
മൈക്രോവേവ് ചെയ്യുക
കുറച്ചു വെളുത്തുള്ളി എടുത്ത് മുകൾഭാഗം മുറിച്ചു കളയുക. എന്നിട്ട് മൈക്രോവേവിനുള്ളിൽ 20-30 സെക്കൻഡ് നേരം ചൂടാക്കുക. ഇത് പുറത്തെടുത്ത് തണുക്കാൻ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് തൊലി കളയാനാവും.
ചപ്പാത്തിവടി ഉപയോഗിച്ച്
ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന വടി ഉപയോഗിച്ചും വെളുത്തുള്ളിയുടെ തൊലി എളുപ്പത്തിൽ കളയാനാകും. ഇതിനായി അല്ലികളാക്കിയ വെളുത്തുള്ളി എടുത്ത് ഒരു പ്ലാസ്റ്റിക് കവറിൽ വച്ച്, അതിനു മുകളിലൂടെ ചപ്പാത്തിവടി അമർത്തി ഉരുട്ടുക. ഒരു നാലഞ്ചു തവണ ഉരുട്ടുമ്പോൾത്തന്നെ ഇവയുടെ തൊലി അടർന്നു വരുന്നത് കാണാം.
കത്തി ഉപയോഗിച്ച്
കുറച്ചു വെളുത്തുള്ളി മാത്രം മതിയെങ്കിൽ കത്തി ഉപയോഗിച്ചു തന്നെ തൊലി കളയാം. ഇതിനായി വെളുത്തുള്ളി അല്ലിയുടെ പരന്ന ഭാഗത്ത്, കത്തിയുടെ പരന്ന ഭാഗം വച്ച് നന്നായി അമർത്തുക. ഇങ്ങനെ ചെയ്യുമ്പോൾ തൊലി എളുപ്പത്തിൽ പൊട്ടി അടർന്നു പോകും
