'മോൺസ്റ്റർ' ഇനി ഒടിടിയിൽ; ഡിസംബർ രണ്ടിന് ചിത്രം സ്ട്രീമിം​ഗ് തുടങ്ങും

  1. Home
  2. Entertainment

'മോൺസ്റ്റർ' ഇനി ഒടിടിയിൽ; ഡിസംബർ രണ്ടിന് ചിത്രം സ്ട്രീമിം​ഗ് തുടങ്ങും

Mohanlals-Monster


മോഹൻലാലിന്റേതായി ഒടുവിൽ റിലീസ് ചെയ്ത 'മോൺസ്റ്റർ' എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ രണ്ടിന് ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് തുടങ്ങും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിം​ഗ്. തിയറ്ററിൽ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴാണ് മോൺസ്റ്റർ‌ ഒടിടിയിലേക്ക് എത്തുന്നത്. 

മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് മോൺസ്റ്റർ. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയായിരുന്നു മോൺസ്റ്ററിന്റേയും രചയിതാവ്.   ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

ലക്കി സിം​ഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ലക്കി സിങ്ങായി പരകായപ്രവേശനം നടത്തിയ മോഹൻലാലിനൊപ്പം  കട്ടക്ക് പിടിച്ചു നിൽക്കാൻ ഹണി റോസും ഒപ്പം കൂടി. ഹണിയുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ചിത്രത്തിലെ ഭാമിനി മാറി. 

അതേസമയം, 'എലോൺ' എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങളിൽ ഒന്ന്. മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയ മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്.