'അമ്മയാകാൻ ഇഷ്ടമില്ല; അമ്മയായ സ്ത്രീകളോട് ബഹുമാനം മാത്രമാണെന്ന് ലക്ഷ്മി ഗോപാലസ്വാമി

അമ്മയായ സ്ത്രീകളോട് ബഹുമാനം മാത്രമാണെന്ന് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. സിനിമയിൽ അമ്മ വേഷങ്ങൾ അവതരിപ്പിക്കാൻ ഇഷ്ടമാണെന്നും എന്നാൽ ജീവിതത്തിൽ അമ്മയാകാൻ ആഗ്രഹമില്ലെന്നും അവർ പറഞ്ഞു. അമ്മയാകുക എന്നതിലുപരി സാമ്പത്തികഭദ്രതയാണ് ഒരു സ്ത്രീക്ക് അത്യാവശ്യമായി വേണ്ടതെന്നും ലക്ഷ്മി ഗോപാല സ്വാമി കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'ക്ഷമ ഉണ്ടെങ്കിൽ മാത്രമേ പാചകം ചെയ്യാൻ സാധിക്കുകയുളളഉൂ. അത് എനിക്ക് ഇല്ല. അതുകൊണ്ട് ഞാൻ പാചകം ചെയ്യില്ല. എല്ലാ അഭിമുഖങ്ങളിലും അവതാരകർ എന്റെ വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. അമ്മയാകുക എന്നത് മഹത്തരമായ ഒരു കാര്യമാണ്. എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണത്. എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിട്ടില്ല. ചില ദിവസങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കാൻ റോഡിൽ നിൽക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ട്. അവരെ കാണുമ്പോൾ ബഹുമാനം ഉണ്ട്.
വലിയ കഷ്ടപാടുളള ജോലിയാണത്. അമ്മയാകുന്നത് എളുപ്പമുളള കാര്യവുമല്ല. കുട്ടികളുടെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യേണ്ടതുണ്ട്. എന്റെ അമ്മ എന്നെക്കുറിച്ച് ഓർത്ത് ഒരുപാട് സങ്കടപ്പെടുന്നത് കണ്ടിട്ടുണ്ട്. എനിക്ക് എന്റെ ബന്ധുക്കളും സുഹൃത്തുക്കളും കുടുംബവുമായി സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോഴും എനിക്ക് വിഷമമൊന്നും ഉണ്ടായിട്ടില്ല.
എനിക്ക് സിംഗിളായ സുഹൃത്തുക്കളുമുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടുണ്ട്. അതിന് പരിഹാരവും നമ്മൾ തന്നെ കണ്ടെത്തുമെന്നാണ് എന്റെ വിശ്വാസം. അമ്മ വേഷങ്ങൾ അവതരിപ്പിക്കാൻ ഇഷ്ടമാണ്. പക്ഷെ ജീവിതത്തിൽ അമ്മയാകാൻ ഇഷ്ടമില്ല. സാമ്പത്തിക ഭദ്രതയാണ് ഒരു സ്ത്രീക്ക് പ്രധാനമായി ഉണ്ടാകേണ്ടത്'- ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.