'പലരും ബന്ധങ്ങൾക്ക് വില നൽകുന്നില്ല; പല നായകൻമാരും പാൻ ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കാനാണ് ആഗ്രഹിക്കുന്നത്': സംവിധായകൻ കമൽ

ഇന്നത്തെ സിനിമകളിൽ പലരും ബന്ധങ്ങൾക്ക് വില നൽകുന്നില്ലെന്ന് സംവിധായകൻ കമൽ. പല നായകൻമാരും പാൻ ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കമൽ പറഞ്ഞു. ഒരു കാലത്ത് പ്രണയത്തിന്റെ കഥ പറയുന്ന ചിത്രങ്ങളാണ് മലയാളികൾ ഇഷ്ടപ്പെട്ടിരുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
തന്റെ സിനിമകളിൽ അഭിനയിച്ച് ഒടുവിൽ വിവാഹിതരായ ഒരുപാട് ഭാഗ്യജോടികൾ ഉണ്ടെന്നും കമൽ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
'ദിലീപും മഞ്ജു വാര്യരും തമ്മിലുളള പ്രണയം എന്നെ ഞെട്ടിച്ച് കളഞ്ഞതാണ്. അവർ തമ്മിൽ പ്രണയമാകുമെന്ന് ഞാൻ കരുതിയതേയില്ല. അവരുടെ പ്രണയം ആരംഭിച്ച് കുറേ കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്. പക്ഷെ സംയുക്തയും ബിജു മേനോനും തമ്മിലുളള പ്രണയം ഞാൻ പെട്ടന്ന് കണ്ടുപിടിച്ചു.
മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് അവർ പ്രണയത്തിലാകുന്നത്. അതിനുശേഷമാണ് ഞാൻ സംവിധാനം ചെയ്ത മേഘമൽഹാർ എന്ന ചിത്രത്തിൽ അവർ അഭിനയിക്കാൻ എത്തിയത്. അത് എനിക്ക് ഗുണം ചെയ്തു.
സ്വപ്നക്കൂട് എന്ന ചിത്രം ഞാൻ വളരെ ഇഷ്ടപ്പെട്ട് ചെയ്തതാണ്. അതിൽ പൃഥ്വിരാജിന്റെ കഥാപാത്രം എനിക്കിഷ്ടപ്പെട്ടതായിരുന്നു. മലയാള സിനിമ ഒരുപാട് മാറി. ഇപ്പോൾ പാൻ ഇന്ത്യൻ സിനിമകൾ ചെയ്യണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. നായകൻമാരും അതാണ് നോക്കുന്നത്.
അതുകൊണ്ട് തന്നെ സിനിമകളിൽ ആരും ബന്ധങ്ങൾക്ക് വില നൽകുന്നില്ല. നിഗൂഢതകളും കൊലപാതകങ്ങളും ഉളള സിനിമ ചെയ്യാനാണ് പലർക്കും ഇഷ്ടം. ഇപ്പോൾ കൂടുതലും അത്തരത്തിലുളള സിനിമകളാണ് ഉളളത്. മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാകുന്നുണ്ട്. പക്ഷെ ആരും അതറിയുന്നില്ല'- കമൽ പറഞ്ഞു.