എന്തിനാണ് ഈ രാത്രി ഷൂട്ടിംഗ് വച്ചതെന്ന് ചോദിച്ച് മമ്മൂക്ക ചൂടായി; മമ്മൂട്ടി ജീവിതത്തില്‍ മുത്തച്ഛനായത് എന്റെ സെറ്റില്‍; കമല്‍

ചെറുപ്പക്കാരെ പോലും തന്റെ സിനിമകൊണ്ടും ലുക്കു കൊണ്ടും മമ്മൂട്ടി ഇപ്പോഴും അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി ആദ്യമായി മുത്തച്ഛനായ നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് രാപ്പകല്‍. ഈ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് മമ്മൂട്ടിയുടെ മകള്‍ പ്രസവിക്കുന്നത്. ആ സമയത്ത് മമ്മൂട്ടി അനുഭവിച്ച ടെന്‍ഷനെക്കുറിച്ചും പി്ന്നീടുണ്ടായ സന്തോഷത്തെക്കുറിച്ചുമൊക്കെയാണ് കമല്‍ സംസാരിക്കുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
''രാപ്പകലിന്റെ സെറ്റില്‍ വച്ചാണ് മമ്മൂക്ക മുത്തച്ഛനാകുന്നത്. സുറുമിയുടെ പ്രസവം അമേരിക്കയില്‍ വച്ചായിരുന്നു. സുലു ചേച്ചി അങ്ങോട്ട് പോയിരുന്നു. മമ്മൂക്ക ഇവിടെ ഷൂട്ടിംഗിലാണ്. മമ്മൂക്ക് അങ്ങോട്ട് പോകാന്‍ പറ്റിയില്ല. ആ രാത്രി വല്ലാത്തൊരു അവസ്ഥയായിരുന്നു. അമേരിക്കയില്‍ പകലാണ്. അവിടെ ഡെലിവറി നടക്കുമ്പോള്‍ ഇവിടെ ഷൂട്ടാണ്. എന്തിനാണ് ഈ രാത്രി ഷൂട്ടിംഗ് വച്ചതെന്ന് എന്നോട് മമ്മൂക്ക ചൂടായി. മമ്മൂക്ക ഈ രാത്രി റൂമില്‍ പോയാലും കിടന്നുറങ്ങാന്‍ പോകുന്നില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു. എനിക്കും റസാഖിനും ക്യാമറാമാന്‍ സുകുമാറും അങ്ങനെ ഒന്ന് രണ്ട് പേര്‍ക്കേ അറിയുമായിരുന്നുള്ളൂ.'' കല്‍ പറയുന്നു.
രാത്രി പന്ത്രണ്ട് മണിയ്ക്കാണ് ഡെലിവറി കഴിഞ്ഞെന്ന് ജോര്‍ജ് വന്ന് പറയുന്നത്. എല്ലാവരും വളരെ ഹാപ്പിയായി. മമ്മൂക്കയും റിലാക്‌സ്ഡ് ആയി. എല്ലാവരും കയ്യടിക്കുകയും വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. രണ്ട് മണി വരെ ഷൂട്ട് ചെയ്തു അന്ന്. പിറ്റേന്ന് കേക്കൊക്കെ കൊണ്ടു വന്നു. എല്ലാവരും സന്തോഷത്തിലായിരുന്നു. അന്ന് രാത്രിയാണ് കരയുന്ന വികാരഭരിതമായ രംഗം ഷൂട്ട് ചെയ്തത്. വലിയ സീനാണ്. അതുകൊണ്ടാണ് ഷൂട്ട് വൈകിപ്പോയത് എന്നും കമല്‍ പറയുന്നുണ്ട്.