ഞെട്ടിച്ചത് ദിലീപും മഞ്ജുവുമായിരുന്നു, അവര്‍ പ്രണയമാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല; കമല്‍

  1. Home
  2. Entertainment

ഞെട്ടിച്ചത് ദിലീപും മഞ്ജുവുമായിരുന്നു, അവര്‍ പ്രണയമാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല; കമല്‍

kamAL


‌‌മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് കമല്‍. ഇപ്പോഴിതാ തന്റെ സിനിമയില്‍ അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ്-മഞ്ജു വാര്യര്‍, ബിജു മേനോന്‍-സംയുക്ത വര്‍മ പ്രണയങ്ങളെക്കുറിച്ച് കമല്‍ സംസാരിക്കുന്നത്. എന്നെ ഞെട്ടിച്ചത് ദിലീപും മഞ്ജുവുമായിരുന്നു. അവര്‍ പ്രണയമാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. കുറേ കഴിഞ്ഞാണ് അറിയുന്നത്. ഇവര്‍ തമ്മില്‍ ഇങ്ങനൊന്ന് ഉണ്ടായിരുന്നുവോ എന്ന് കരുതി. പക്ഷെ പെട്ടെന്ന് കണ്ടുപിടിച്ചത് ബിജു മേനോനും സംയുക്തയും തമ്മിലുള്ള പ്രണയമായിരുന്നു. അതേക്കുറിച്ച് ബിജു മേനോനോട് ചോദിക്കുകയും ചെയ്തു. മധുരനൊമ്പരക്കാറ്റിലാണ് തുടങ്ങുന്നത്. പിന്നെ മഴയില്‍ അഭിനയിച്ചു. ശേഷമാണ് എന്റെ സിനിമയായ മേഘമല്‍ഹാറില്‍ അഭിനയിക്കുന്നത്. അപ്പോഴേക്കും അവര്‍ നല്ല പ്രണയമായിരുന്നു.

ബിജുവാണ് ചമ്മിയത്. ബിജു ഒട്ടും പ്രതീക്ഷിച്ചില്ല. ബസില്‍ പോകുന്നൊരു സീനുണ്ടായിരുന്നു. ക്യാമറ സെറ്റാക്കുന്ന സമയം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളൊക്കെ ബസില്‍ നിന്നും ഇറങ്ങി. ബിജുവും സംയുക്തയുമുണ്ടായിരുന്നു. അവര്‍ ഇറങ്ങിയില്ല, ഞങ്ങള്‍ ഇവിടെ തന്നെ ഇരുന്നോളാം എന്നു പറഞ്ഞു. ആ ഇരുപ്പ് തന്നെ സംശയമുണ്ടാക്കി. ഒന്നാമത് അങ്ങനെ ഇരിക്കേണ്ട കാര്യമില്ല. നല്ല ചൂടുണ്ട്. ബസ് റോഡിലാണ് നില്‍ക്കുന്നതും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരൊക്കെ ഇറങ്ങി പുറത്ത് നില്‍ക്കുകയാണ്.

പി സുകുമാര്‍ ആയിരുന്നു ക്യാമറ. അദ്ദേഹം സൂം ചെയ്തു നോക്കിയപ്പോള്‍ എന്തോ ഒരു ഇത് തോന്നി. അദ്ദേഹം എന്നെ വിളിച്ച് സാര്‍ ഒന്ന് നോക്കിക്കേ എന്ന് പറഞ്ഞു. ഞാന്‍ സൂം ടൈറ്റ് ചെയ്തു നോക്കിയപ്പോള്‍ ഇവര്‍ തമ്മില്‍ സാധാരണ സംസാരമല്ലെന്ന് തോന്നി. പക്ഷെ ഞങ്ങളാരും ഒന്നും മിണ്ടിയില്ല. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോള്‍ കാറ്റ് അടിക്കുന്ന രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. സംയുക്തയ്ത്ത് ബ്രീത്തിന്റെ പ്രശ്‌നമുണ്ടായിരുന്നു. അതേക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. സംയുക്തയ്ക്കും അങ്ങനെ അറിയില്ലായിരുന്നു.

ഒരു ഷോട്ട് കഴിഞ്ഞ് ഞാന്‍ കട്ട് പറഞ്ഞിട്ടും സംയുക്ത അവിടെ തന്നെ ഇരിക്കുകയാണ്. ബിജു മാറി നില്‍ക്കുന്നുണ്ട്. സംയുക്തയ്ക്ക് ശ്വാസം കിട്ടുന്നില്ല. എല്ലാവരും ഓടിച്ചെന്നു. എല്ലാവരും പേടിച്ചു. ഇനി അഭിനയിക്കണ്ട ആശുപത്രിയില്‍ കൊണ്ടു പോയ്‌ക്കോ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അവര്‍ പോയി. ഞാനും ബിജുവും ഷോട്ട് എടുത്തു. നേരത്തെ ഷൂട്ട് നിര്‍ത്തി. ബിജു അരമണിക്കൂര്‍ നേരത്തെ പോയി. തിരിച്ചു ഹോട്ടലില്‍ എത്തിയപ്പോള്‍ ഞാനും സുകുവും സംയുക്തയെ ഒന്ന് പോയി കാണാമെന്ന് കരുതി. മുറിയില്‍ ചെന്ന് കോളിംഗ് ബെല്‍ അമര്‍ത്തിയപ്പോള്‍ വാതില്‍ തുറന്നത് ബിജുവാണ്.

ബിജുവിന് ചമ്മേണ്ട ഒരു കാര്യവുമില്ല. ബിജുവിന് സംയുക്തയെ വന്ന് കാണുന്നതില്‍ ഒരു പ്രശ്‌നവുമില്ല. പക്ഷെ ബിജു ആകെ ചമ്മിപ്പോയി. ബിജു എന്തിനാണ് ചമ്മുന്നതെന്ന് സുകു ചോദിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പിടിച്ചുവെന്ന് ബിജു മനസിലാക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ സുകു ബിജുവിനോട് പറഞ്ഞു, പേടിക്കണ്ട ഞങ്ങള്‍ക്കിത് നേരത്തെ അറിയാമായിരുന്നു എന്ന്. ഞങ്ങള്‍ ആരോടും പറയില്ലെന്നും പറഞ്ഞു. പക്ഷെ പതിയെ പതിയെ എല്ലാവരും അറിഞ്ഞു.