അറിഞ്ഞയുടന്‍ ദിലീപ് വിളിച്ചു, ദയവ് ചെയ്ത് അങ്കിളേ എന്ന് വിളിക്കരുത് ചേട്ടാ എന്നേ വിളിക്കാവൂ എന്ന് പറഞ്ഞു: കീര്‍ത്തി സുരേഷ്

മലയാളികളുടെ പ്രിയ നടി മേനകയുടേയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും മകളാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ ഒരുക്കിയ ഗീതാഞ്ജലിയിലൂടെയായിരുന്നു കീര്‍ത്തിയുടെ തുടക്കം. അതേസമയം കീര്‍ത്തി താരമാകുന്നത് തമിഴ്-തെലുങ്ക് സിനിമകളിലൂടെയാണ്. ഇപ്പോഴിതാ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷിന്റെ കരിയറിലെ ആദ്യത്തെ ഹിറ്റ് ആയിരുന്നു റിംഗ് മാസ്റ്റര്‍. ദിലീപ് നായകനായ ചിത്രത്തിലെ കീര്‍ത്തിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. അതേസമയം രസകരമായൊരു വസ്തുത ബാലതാരമായി ദിലീപിനൊപ്പം നേരത്തെ കീര്‍ത്തി അഭിനയിച്ചിരുന്നുവെന്നാണ്. ഇപ്പോഴിതാ ബാലതാരത്തില്‍ നിന്നും ദിലീപിന്റെ നായികയായി അഭിനയിച്ച അനുഭവം പങ്കിടുകയാണ് കീര്‍ത്തി.
മഹിളരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തി മനസ് തുറന്നത്. ദിലീപിന്‍രെ നായികയാകാന്‍ ഏറെ ചിന്തിക്കേണ്ടി വന്നിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കീര്‍ത്തി സുരേഷ്. ആ മറുപടി ഇങ്ങനെയായിരുന്നു. ''അത്രയധികം ചിന്തിച്ചൊന്നുമില്ല. ചെറുപ്പം മുതലേ അദ്ദേഹത്തെ നന്നായി അറിയാം. ഞാന്‍ ബാല്യത്തില്‍ നിന്നും വളര്‍ന്നു എന്നല്ലാതെ അദ്ദേഹത്തിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. റിംഗ് മാസ്റ്ററില്‍ ഞാനാണ് അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ട് എന്ന് അറിഞ്ഞയുടന്‍ തന്നെ അദ്ദേഹം എനിക്ക് ഫോണ്‍ ചെയ്ത് കീര്‍ത്തി ചെറുപ്പത്തിലെ ഓര്‍മ്മ വച്ച് എന്നെ അങ്കിളേ എന്നൊന്നും ദയവ് ചെയ്ത് വിളിക്കരുത്. ചേട്ടാ എന്നേ വിളിക്കാവൂ എന്ന് പറഞ്ഞു. ഓക്കെ ചേട്ടാ എന്നു പറഞ്ഞു. റിംഗ് മാസ്റ്റര്‍ വളരെ ജോളിയായ സെറ്റായിരുന്നു. എന്റെ ആദ്യത്തെ ഹിറ്റ് പടവും അതാണ്''. ആദ്യത്തെ സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ അമ്മയും അച്ഛനും തന്ന ഉപദേശങ്ങളും കീര്‍ത്തി പങ്കുവെക്കുന്നുണ്ട്. അമ്മ തന്ന ആദ്യത്തെ ഉപദേശം കൃത്യനിഷ്ഠ പാലിക്കണം എന്നായിരുന്നു. സെറ്റില്‍ കൃത്യസമയത്ത് എത്തണം എന്നായിരുന്നുവെന്നാണ് കീര്‍ത്തി പറയുന്നത്. സെറ്റിലെ കൊച്ചു പയ്യന്മാര്‍ മുതല്‍ ഡയറക്ടര്‍ വരെ എല്ലാവരേയും ഒരുപോലെ ബഹുമാനിക്കണം. നീ അഭിനയിച്ചില്ലെങ്കിലും തരക്കേടില്ല. ഈ രണ്ട് കാര്യങ്ങളും ശ്രദ്ധിച്ച് മര്യാദയ്ക്ക് ചെയ്യണമെന്നും അമ്മ പറഞ്ഞുവെന്നാണ് കീര്‍ത്തി പറയുന്നത്.
ഞാന്‍ സിനിമയില്‍ നല്ല പേര് സമ്പാദിച്ചു വച്ചിട്ടുണ്ട്. അത് കാത്ത് സൂക്ഷിക്കണം എന്ന് അച്ഛന്‍ പറഞ്ഞുവെന്നും താരം പറയുന്നു. എന്റെ വീട്ടിലുള്ള എല്ലാവരും സ്ട്രിക്റ്റായ ക്രിട്ടിക്കുകളാണ്. അത്ര പെട്ടെന്നൊന്നും അഭിനന്ദിക്കുകയില്ലെന്നാണ് കീര്‍ത്തി പറയുന്നത്. അച്ഛന്‍ അമ്മ എന്നിവരേക്കാള്‍ എന്റെ ചേച്ചിയുടെ അഭിനന്ദനം കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരൊക്കെ ഇങ്ങനെയായതു കൊണ്ട് എനിക്കും അഭിനന്ദനവും അംഗീകാരവും നേടണം. അവരുടെ മുന്നില്‍ എന്റെ കഴിവ് തെളിയിച്ചു കാണിക്കണം എന്ന് വാശി തോന്നും. അത് തന്നെയാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നും താരം പറയുന്നു.