ആരും ചെയ്യാത്ത കാര്യമാണ് മോഹൻലാൽ അന്ന് ചെയ്തത്, ഒരുമാസം എനിക്കുവേണ്ടി വെറുതെ ഇരുന്നു: മണിയൻപിള്ള രാജു

  1. Home
  2. Entertainment

ആരും ചെയ്യാത്ത കാര്യമാണ് മോഹൻലാൽ അന്ന് ചെയ്തത്, ഒരുമാസം എനിക്കുവേണ്ടി വെറുതെ ഇരുന്നു: മണിയൻപിള്ള രാജു

RAJU


മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് അദ്ദേഹം. സിനിമയിൽ നിരവധി സൗഹൃദങ്ങൾ ഉള്ള നടനാണ് മണിയൻപിള്ള രാജു. മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം.

അതേസമയം, ഒരു സിനിമയിൽ മോഹൻലാലിന് പകരം നായകൻ ആവാനുള്ള ഒരു അവസരവും മണിയൻപിള്ള രാജുവിന് ലഭിച്ചിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത ഒരു ചിത്രത്തിലായിരുന്നു ഇത്. ഒരിക്കൽ കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ, ആ വീഡിയോ വീണ്ടും ശ്രദ്ധനേടുകയാണ്.

മോഹൻലാലിന് ഡേറ്റ് പ്രശ്‌നം വന്നപ്പോൾ പ്രിയദർശൻ തന്നെ സമീപിക്കുകയും നായകനാക്കുകയും ചെയ്യുകയും എന്നാൽ പിന്നീട് മോഹൻലാലിന് ഒഴിവ് വന്നിട്ടും നടൻ നായകനാവാൻ വിസമ്മതിക്കുകയും ഒരു മാസം വെറുതെ ഇരുന്നെന്നുമാണ് അഭിമുഖത്തിൽ മണിയൻപിള്ള രാജു പറഞ്ഞത്. 

'ഒരു പടം ചെയ്യാനായിട്ട് ആനന്ദേട്ടൻ വന്ന് പറഞ്ഞപ്പോൾ നായകനാവാൻ മോഹൻലാലിനെയാണ് പ്രിയദർശൻ സമീപിച്ചത്. ആ സമയത്ത് മോഹൻലാൽ പറഞ്ഞു വേറെ ഒരു പടമുണ്ട്. അഡ്വാന്‌സ് വാങ്ങി. എനിക്ക് വരാൻ പറ്റില്ലെന്ന്. അപ്പോൾ രാജുവിനെ നായികനാക്കി ചെയ്യട്ടെ എന്ന് ചോദിച്ചു. സന്തോഷമെന്ന് ലാൽ പറഞ്ഞു,'

'അങ്ങനെ എന്നെ നായകനാക്കി പ്ലാൻ ചെയ്തു. ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു 15 ദിവസം മുമ്പേ മോഹൻലാലിന്റെ പടം ക്യാൻസലായി പോയി എന്ന് പറഞ്ഞ് വിളി വന്നു. മോഹൻലാൽ ഫ്രീ ആണ്. നീ ചെയ്യുന്നോ, നിനക്ക് ഒരു സബ്ജക്ട് ഉണ്ടെന്ന് പ്രിയൻ മോഹൻലാലിനോട് ചോദിച്ചു,'

'അത് മോശമാണ്, രാജു ചേട്ടൻ ചെയ്യുന്ന റോളല്ലേ എന്ന് മോഹൻലാൽ ചോദിച്ചു. അവന് അതിൽ നല്ല വേഷം കൊടുക്കാമെന്ന് പ്രിയദർശൻ പറഞ്ഞു. അത് ശരിയാവില്ല. അത്രയും ദിവസം ഞാൻ ഫ്രീ ആയിരിക്കും, പക്ഷേ ഞാൻ വന്ന് ചെയ്യില്ല. അത് രാജു ചെയ്യട്ടെ എന്ന് മോഹൻലാൽ പറഞ്ഞു,'

'അങ്ങനെ പറയാൻ വലിയ മനസാണ് അദ്ദേഹം കാണിച്ചത്. വേറെ ആരാണെങ്കിലും ആണെങ്കിൽ ഒരു തരക്കേടില്ലാത്ത വേഷം കൊടുക്കൂ എന്ന് പറഞ്ഞ് നായകനായി അഭിനയിച്ചേനെ. മോഹൻലാൽ ഒരു മാസം എനിക്ക് വേണ്ടി വെറുതെയിരുന്നു,' മണിയൻപിള്ള രാജു പറഞ്ഞു.

ധീം തരികിട തോം ആയിരുന്നു മോഹൻലാലിന് പകരം മണിയൻപിള്ള രാജു നായകനായ ആ ചിത്രം. മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ട് കത്തി നിൽക്കുന്ന സമയത്താണ് ഈ ചിത്രം പുറത്തുവന്നത്. ലിസി, മുകേഷ്, നെടുമുടി വേണു, ശങ്കർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. ആനന്ദ് ആയിരുന്നു ചിത്രം നിർമ്മിച്ചത്.