വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാൻ നെറ്റ്ഫ്ലിക്സ്; 7200 കോടി ഡോളറിന്റെ കരാർ

  1. Home
  2. Entertainment

വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാൻ നെറ്റ്ഫ്ലിക്സ്; 7200 കോടി ഡോളറിന്റെ കരാർ

wb


ലോകത്തെ ഏറ്റവും പ്രമുഖ പെയ്ഡ് സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്സ്, അമേരിക്കൻ സിനിമാ നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. 72 ബില്യൺ ഡോളർ (ഏകദേശം 7200 കോടി ഡോളർ) മൊത്തം ഓഹരി മൂല്യമുള്ള കരാറാണിത്. കരാർ പ്രകാരം, വാർണർ ബ്രദേഴ്സ് ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും 27.75 ഡോളർ പണമായി നൽകുന്നതിനൊപ്പം നെറ്റ്ഫ്ലിക്സിൽ ഓഹരിയും ലഭിക്കും.

ഈ ഏറ്റെടുക്കലിലൂടെ വാർണർ ബ്രദേഴ്സിന്റെ സിനിമ, ടെലിവിഷൻ സ്റ്റുഡിയോകളും, ലോകപ്രശസ്ത ചാനലുകളായ എച്ച്.ബി.ഒ, എച്ച്.ബി.ഒ മാക്സ് എന്നിവയടക്കം നെറ്റ്ഫ്ലിക്സിന്റെ ഭാഗമാകും. ഹോളിവുഡിലെ ഏറ്റവും പഴക്കം ചെന്നതും പേരുകേട്ടതുമായ സ്റ്റുഡിയോകളിൽ ഒന്നിനെയാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കുന്നത്. അടുത്ത വർഷം മധ്യത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഏറ്റെടുക്കലോടെ, വാർണർ ബ്രദേഴ്സിന്റെ പക്കലുള്ള 'ഹാരി പോട്ടർ', 'ഫ്രണ്ട്സ്', ഗെയിം ഓഫ് ത്രോൺസ് എന്നിവ ഉൾപ്പെടുന്ന വിപുലമായ ചലച്ചിത്ര, ടിവി ആർക്കൈവുകളും, നിരവധി ഹിറ്റ് ഷോകളുടെ ലൈബ്രറിയും, കാലിഫോർണിയയിലെ ബർബാങ്കിലുള്ള വിശാലമായ സ്റ്റുഡിയോകളും നെറ്റ്ഫ്ലിക്സിന് സ്വന്തമാകും.

വാർണർ ബ്രദേഴ്സിന്റെ ശക്തമായ ഉള്ളടക്കം നെറ്റ്ഫ്ലിക്സിന് വാൾട്ട് ഡിസ്നി, പാരമൗണ്ട് സ്കൈഡാൻസ് പോലുള്ള എതിരാളികൾക്ക് മേൽ തങ്ങളുടെ മേൽക്കൈ നിലനിർത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഒക്ടോബറിലാണ് വാർണർ ബ്രദേഴ്സ് വിൽപ്പനയ്ക്ക് നീക്കം തുടങ്ങിയത്. നെറ്റ്ഫ്ലിക്സിനെക്കൂടാതെ പാരമൗണ്ട് അടക്കമുള്ളവരും ഈ ഏറ്റെടുക്കലിനായി ശ്രമം നടത്തിയിരുന്നു.