ഒരു കൊലക്കേസ് പ്രതിയെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കണമെന്ന് മോഹന്‍ലാല്‍, നടക്കില്ലെന്ന് സത്യന്‍ അന്തിക്കാട്; അന്ന് നടന്നത്‌

  1. Home
  2. Entertainment

ഒരു കൊലക്കേസ് പ്രതിയെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കണമെന്ന് മോഹന്‍ലാല്‍, നടക്കില്ലെന്ന് സത്യന്‍ അന്തിക്കാട്; അന്ന് നടന്നത്‌

mohanlal


മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ ലഭിച്ചിട്ടുള്ളത് ഹിറ്റുകളാണ്. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈ കോമ്പോ വീണ്ടും ഒരുമിക്കെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. വര്‍ഷങ്ങളുടെ സൗഹൃദമുണ്ട് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും തമ്മില്‍. അതുകൊണ്ട് തന്നെ ഇരുവര്‍ക്കുമിടയില്‍ രസകരമായ ഒരുപാട് കഥകളുമുണ്ട്. ഒരിക്കല്‍ ഒരു കൊലക്കേസ് പ്രതിയെ തന്റെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കണമെന്ന ആവശ്യവുമായി മോഹന്‍ലാല്‍ കാണാന്‍ വന്ന കഥ സത്യന്‍ അന്തിക്കാട് വിവരിക്കുന്നുണ്ട്. പോക്കുവെയിലിലെ കുതിരകള്‍ എന്ന തന്റെ പുസ്തകത്തിലാണ് സത്യന്‍ അന്തിക്കാട് ആ കഥ പങ്കുവെക്കുന്നത്.

നാടോടിക്കാറ്റിന്റെ റിലീസ് കഴിഞ്ഞ സമയം. ഷൂട്ടിന്റെ തിരക്കില്‍ നിന്നെല്ലാം ഓടി രക്ഷപ്പെട്ട് വന്ന് അന്തിക്കാട്ടെ തന്റെ വീടിന് മുന്നില്‍ ചാരുകസേരയിട്ട് ഇരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്. അപ്പോള്‍ ഒരു കാര്‍ താഴെ വന്നു നിന്നു. അതില്‍ നിന്നും രണ്ടു പേര്‍ പുറത്തിറങ്ങി അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു വന്നു. അതിലൊരാളുടെ നടത്തത്തില്‍ മോഹന്‍ലാലിന്റെ ഛായയുണ്ടായിരുന്നു. അടുത്തെത്തിയപ്പോള്‍ ഛായ മാത്രമല്ല, ആള് മോഹന്‍ലാല്‍ തന്നെ.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ആ വരവ്. കാര്യം തിരക്കിയപ്പോള്‍ മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനെ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞു. 'ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ചു താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എതിരു പറയരുത്.' ആള്‍ ആരെന്ന് കേട്ടപ്പോള്‍ തന്റെ പാതി ജീവന്‍ പോയെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അക്കാലത്ത് പ്രമാദമായൊരു കൊലക്കേസിലെ പ്രതിയെയാണ് ഒളിവില്‍ പാര്‍പ്പിക്കേണ്ടത്. അയാള്‍ നേരത്തെ ഒരു മോഹന്‍ലാല്‍ സിനിമ നിര്‍മ്മിച്ചിരുന്നു.

നടക്കില്ലെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. അങ്ങനെ പറയരുത്, രണ്ട് ദിവസത്തേക്ക് മതി. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുന്നത് കുറ്റമാണ് എന്റെ സമാധാനം കളയരുതെന്നായി സത്യന്‍. മോഹലാല്‍ വിടാന്‍ കൂട്ടാക്കുന്നില്ല. ഞാന്‍ വാക്കു കൊടുത്തു പോയി! ഒടുവില്‍ ഇത് തറവാടാണെന്നും ചേട്ടനും അമ്മയുമൊന്നും സമ്മതിക്കില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു നോക്കി. അതോടെ പുതിയ വീടിന്റെ പണി നടക്കുന്നിടത്ത് പണിക്കാരുടെ കൂടെ നിര്‍ത്തിയാല്‍ മതിയെന്നായി മോഹന്‍ലാല്‍.

ഒടുവില്‍ മനസില്ലാമനസോടെ, മോഹന്‍ലാല്‍ പിണങ്ങിയാലും സാരമില്ലെന്ന മട്ടില്‍ പറ്റില്ല ലാലേ, വേറെ ഏതെങ്കിലും വഴി നോക്ക്, സ്ഥലം വിടൂ എന്ന് സത്യന്‍ അന്തിക്കാട് തീര്‍ത്തു പറഞ്ഞു. അയ്യോ ഇവിടെ വരെ എത്തിയിട്ട് ഒരു ചായ പോലും തരാതെ പറഞ്ഞു വിടുകയാണോ? എന്ന് കണ്ണില്‍ ഒരു കള്ളച്ചിരിയോടെ മോഹന്‍ലാല്‍ ചോദിച്ചു. അത് പിന്നെ പൊട്ടിച്ചിരിയായി. പറഞ്ഞതത്രയും കള്ളമായിരുന്നു. സത്യന്‍ അന്തിക്കാടിനെ മോഹന്‍ലാല്‍ പറ്റിച്ചതായിരുന്നു. വണ്ടിയില്‍ അങ്ങനൊരു കൊലക്കേസ് പ്രതിയൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും ചായയും കൊടുത്ത് സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനെ അന്ന് യാത്രയാക്കി.