കമൽ ഹാസൻ അവളുടെ രാവുകളിൽ അഭിനയിച്ചു, ശശിയേട്ടനുമായി നല്ല സൗഹൃദത്തിലായിരുന്നു; സീമ പറയുന്നു
കമൽ ഹാസനുമായുളള സൗഹൃദം മറക്കാൻ പറ്റാത്തതാണെന്ന് തുറന്ന് പറഞ്ഞ് നടി സീമ. അവളുടെ രാവുകളിൽ കമൽ ഹാസൻ അഭിനയിച്ചത് ഇപ്പോഴും അധികം ആർക്കും അറിയില്ലെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ പണിയുടെ വിശേഷങ്ങൾ ഒരു യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുകയായിരുന്നു സീമ. അതിനിടയിലാണ് താരം പഴയകാല അനുഭവങ്ങൾ തുറന്നുപറഞ്ഞത്.
'സിനിമയിൽ സംവിധായകൻമാർക്ക് ഒരു സ്ഥാനമുണ്ട്. അത് നൽകുന്ന വ്യക്തിയാണ് ഞാൻ. എന്റെ ഭർത്താവ് ഐവി ശശിയുടെ സിനിമയിൽ ഞാൻ അഭിനയിക്കുമ്പോഴും അദ്ദേഹത്തെ ഞാൻ സാർ എന്നാണ് വിളിച്ചിരുന്നത്. എന്റെ മകൻ അസോസിയേറ്റ് ചെയ്ത സിനിമയിൽ അഭിനയിക്കുമ്പോഴും ഞാൻ അവനെ സാർ എന്നാണ് വിളിച്ചിരുന്നത്. അഭിനയിച്ച എല്ലാ സിനിമകളിലും എന്റെ ശീലം ഇതായിരുന്നു. പലരും പേര് വിളിക്കാൻ പറഞ്ഞിട്ടുണ്ട്. ഞാനത് ചെയ്തിട്ടില്ല.
പണിയുടെ സംവിധായകൻ ജോജു സർ സിനിമ കമൽ ഹാസനെ കാണിച്ചിരുന്നു. അങ്ങനെ കമൽ എന്നെ വിളിച്ചിരുന്നു. അദ്ദേഹമാണ് വിളിക്കുന്നതെന്ന് എനിക്കാദ്യം മനസിലായില്ല. സിനിമ കണ്ടെന്നും ഞാൻ അസലായി അഭിനയിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ആരാണെന്ന് അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹത്തിന് വയസായതുകൊണ്ടാണോ ശബ്ദം മനസിലാകാത്തതെന്ന് എന്നോട് ചോദിച്ചു. അപ്പോഴാണ് എനിക്കാളെ മനസിലായത്. എന്നെ ഇതുവരെയായിട്ടും ഒരു അമ്മയായി കണ്ടിട്ടില്ലെന്നും കുട്ടിയായിട്ടാണ് കണ്ടെതെന്നും കമൽ പറഞ്ഞു. ശശിയേട്ടനും കമലും നല്ല സൗഹൃദത്തിലായിരുന്നു. അവർ ഒരുമിച്ച് 19 ചിത്രങ്ങൾ ചെയ്തു. അവളുടെ രാവുകൾ എന്ന സിനിമയിലും കമൽ അഭിനയിച്ചിട്ടുണ്ട്. അത് ഇപ്പോഴും ആർക്കും അധികമായി അറിയില്ല. ശശിയേട്ടനോട് ചോദിച്ച് വാങ്ങിയതാണ്. റെയിൽവേ സ്റ്റേഷനിൽ വച്ചുളള സീനിൽ കമലുണ്ടായിരുന്നു. അവളുടെ രാവുകളിലെ രാജി എന്ന കഥാപാത്രമാണ് ഞാൻ അഭിനയിച്ചതിൽ വച്ച് ഏറ്റവും മനോഹരമായത്'- സീമ പറഞ്ഞു.
തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരത്തെക്കുറിച്ചും സീമ പറഞ്ഞു. 'ഒരു ദിവസം ഞാൻ എം ടി വാസുദേവൻ സാറിനെ കാണാൻ പോയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. എന്നെ പോലുളള അഭിനേതാക്കൾ ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹം സിനിമ ചെയ്യാത്തതെന്ന്. അതെനിക്ക് ജ്ഞാനപീഠം ലഭിക്കുന്നതിനേക്കാൾ വലുതായിരുന്നു'- സീമ പങ്കുവച്ചു.