മുഖക്കുരു അധികമായോ; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വളരെ സാധാരണമായ ഒരു ചർമപ്രശ്നമാണ് മുഖക്കുരു. ഹോർമോണുകളുടെ പ്രവർത്തനസമയത്താണ് മുഖക്കുരു കൂടുതലായി ഉണ്ടാകുന്നത്. ഇത് മുഖത്ത് ആഴത്തിലുള്ള സ്ഥിരമായ പാടുകൾ ഉണ്ടാക്കുന്നതിനാൽ വ്യാപിക്കാതെ ശ്രദ്ധിക്കണം. അധികമാണെങ്കിൽ കൃത്യ സമയത്ത് ഒരു ചർമരോഗവിദഗ്ധനെ കാണണം.
എണ്ണമയമുള്ള ചർമത്തിലാണ് പ്രധാനമായും മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്. ഇത് ബ്ലാക്ഹെഡ് ആയാണ് ആദ്യം വരുക. ബ്ലാക് ഹെഡ്സ് ചുറ്റുമുള്ള കലകളിലേക്ക് പടർന്ന് വീക്കം ആയി മാറും. ഈ സമയത്താണ് മുഖക്കുരു ഉണ്ടാവുക. ഒരു കുരു മാത്രമായി വരുന്നതല്ല, മറിച്ച് കുറെയധികം മുഖക്കുരു, ബ്ലാക് ഹെഡ്, വൈറ്റ് ഹെഡ്, മുഴകൾ, വീക്കം തുടങ്ങിയവയെല്ലാം എണ്ണമയമുള്ള ചർമത്തിൽ വരാം.
എണ്ണമയമുള്ള ചർമമുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
1) മുഖം ക്ലീൻ - അപ് ചെയ്യാം.
2) തലമുടിയും തലയോട്ടിയും ശുചിയായി സൂക്ഷിക്കുക. തലയോട്ടിയിൽ എണ്ണമയം ഉണ്ടെങ്കിൽ അല്ലെങ്കിൽ താരൻ ഉണ്ടെങ്കിൽ ഇത് മുഖക്കുരുവിനു കാരണമാകും.
3) ഉറങ്ങുന്ന സമയത്ത് തലമുടി മുഖത്തേക്കു വരാതെ സൂക്ഷിക്കുക.
4) മുഖക്കുരു അധികമായി ഉണ്ടെങ്കിൽ, തലയിണയും തോർത്തും ദിവസവും ഇളം ചൂടുള്ള സോപ്പുവെള്ളത്തിൽ കഴുകുക. വെള്ളത്തിൽ രണ്ടു ടീസ്പൂൺ ആന്റിസെപ്റ്റിക് സൊല്യൂഷൻ ഒഴിച്ചിട്ടുവേണം കഴുകേണ്ടത്.
ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം
1) വറുത്തതും പൊരിച്ചതുമായ ഭക്ഷണം, സംസ്ക്കരിച്ച ഭക്ഷ്യവസ്തുക്കൾ, നുരയുന്ന പാനീയങ്ങള്‍, കൂടുതൽ മധുരപലഹാരങ്ങൾ, ചോക്ലേറ്റ് എന്നിവ ഒഴിവാക്കണം.
2) ശരീരത്തെ ശുദ്ധിയാക്കുന്ന, വിഷാംശങ്ങൾ അകറ്റുന്ന ഭക്ഷണം ശീലമാക്കാം.
3) നാരുകൾ വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.
4) സാലഡ്, മുളപ്പിച്ച പയർവർഗങ്ങൾ, പഴങ്ങൾ, മുഴുധാന്യങ്ങൾ, യോഗർട്ട്, പഴച്ചാറുകൾ, സൂപ്പ്, ലസ്സി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
5) ദിവസവും 6 മുതൽ 8 ഗ്ലാസ് വരെ വെള്ളം കുടിക്കണം. രാവിലെ വെറുംവയറ്റിൽ വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞത് ചേർത്ത് കുടിക്കാം.
മുഖം ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ മുഖക്കുരു വരാനുള്ള സാധ്യതയുണ്ട്. അതുപോലെ അമിതമായി സോപ്പും വെള്ളവും മുഖം കഴുകാൻ ഉപയോഗിക്കരുത്. ഇത് ചർമത്തിന്റെ പിഎച്ച് ബാലൻസിനെ ബാധിക്കും. എണ്ണമയമുള്ള ചർമത്തിന് ഫേസ്‌വാഷോ, ഏതെങ്കിലും മെഡിക്കേറ്റഡ് ക്ലെൻസറോ ഉപയോഗിക്കാം.
