ടാക്സികളിലും ലിമോസിനുകളിലും വേഗനിയന്ത്രണവുമായി അജ്മാൻ
അമിത വേഗം നിയന്ത്രിച്ച് റോഡപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് അജ്മാൻ എമിറേറ്റിലെ ടാക്സികളിലും ലിമോസിനുകളിലും വേഗനിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നു. അതതു റോഡുകളിലെ വേഗ പരിധിയും തിരക്കും അനുസരിച്ച് വാഹനത്തിന്റെ വേഗം സ്വമേധയാ ക്രമീകരിക്കുന്ന സംവിധാനമാണിത്. എമിറേറ്റിൽ പ്രവർത്തിക്കുന്ന ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ സ്ഥാപിക്കുമെന്ന് അജ്മാൻ പ്രഖ്യാപിച്ചു.
വേഗം നിയന്ത്രിക്കാൻ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്ന യുഎഇയിലെ ആദ്യ എമിറേറ്റാണ് അജ്മാൻ. പുതിയ ഉപകരണങ്ങളിലൂടെ തത്സമയം വാഹനത്തിന്റെ സ്ഥാനവും പ്രദേശത്തിനും നിർദിഷ്ട പരിധികളും തിരിച്ചറിയാനും വേഗം യാന്ത്രികമായി ക്രമീകരിക്കാനും സാധിക്കും.
