സൈനിക ട്രെയിൻ ലക്ഷ്യമിട്ട് പാകിസ്ഥാനിൽ ഉഗ്രസ്‌ഫോടനം; 24 മരണം, നിരവധി പേർക്ക് പരിക്ക്
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. അൻപതിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സൈനികരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷനുസമീപം നടന്ന സ്‌ഫോടനത്തിൽ ട്രെയിന്റെ ചില ബോഗികൾ ഭാഗികമായി തകർന്നു. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റ്റയിൽനിന്ന് പെഷാവറിലേക്ക് വരികയായിരുന്ന ട്രെയിനിൽ സൈനികരും കുടുംബാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഈദ് അവധി ആഘോഷിക്കാനായി പോകുമ്പോഴായിരുന്നു സംഭവം.സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ തകർന്നു. ചുറ്റുമുള്ള കെട്ടിടങ്ങളിലെ ജനൽചില്ലുകളും ഗ്ലാസ് പാളികളും പൊട്ടിച്ചിതറിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സംഭവത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം വളഞ്ഞ് പരിശോധന ശക്തമാക്കി. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും, ബലൂചിസ്ഥാനിൽ സായുധസംഘടനകളുടെ ആക്രമണങ്ങൾ അടുത്തകാലത്തായി വർധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പാകിസ്ഥാൻ അധികൃതർ അറിയിച്ചു.
