കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് ഇനി അധിക പരിശോധന ഇല്ല; നടപടി പിൻവലിച്ചു
കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ചു. ജാഗ്രതയുടെ ഭാഗമായി അധിക പരിശോധന നിലവിൽ വന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് കാനഡയുടെ നടപടി. അധിക പരിശോധന പിൻവലിച്ചതായി കനേഡിയൻ ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു. ‘താൽക്കാലിക അധിക സുരക്ഷാ പരിശോധന നടപടികൾ’’ മൂലം യാത്രക്കാർക്ക് കാലതാമസം നേരിട്ടേക്കാമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അനിത ആനന്ദ് പ്രസ്താവിച്ചത്. ഇക്കാര്യം വ്യക്തമാക്കി എയർ കാനഡ യാത്രക്കാർക്ക് നേരത്തേ വിമാനത്താവളത്തിൽ എത്തുന്നതിനായി മുന്നറിയിപ്പ് സന്ദേശവും അയച്ചിരുന്നു.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ട് നിഷേധിച്ച് കനേഡിയൻ സർക്കാർ രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് വെറും ഊഹാപോഹമാണെന്നും തെറ്റാണെന്നും കനേഡിയൻ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കാനഡയിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യ–കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടയിലാണ് കാനഡയുടെ ഭാഗത്തുനിന്ന് സുപ്രധാന നടപടികൾ ഉണ്ടാകുന്നത്.