കോടികൾ കൈക്കൂലി വാങ്ങി: മുൻ ബാങ്ക് ജീവനക്കാരന്‍റെ വധശിക്ഷ നടപ്പിലാക്കി ചൈന

  1. Home
  2. International

കോടികൾ കൈക്കൂലി വാങ്ങി: മുൻ ബാങ്ക് ജീവനക്കാരന്‍റെ വധശിക്ഷ നടപ്പിലാക്കി ചൈന

china banker


വൻ തുക കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ചൈനീസ് ബാങ്കിംഗ് ഉദ്യോഗസ്ഥൻ ബായ് തിയാൻഹുയിയുടെ വധശിക്ഷ നടപ്പിലാക്കി. ചൈന ഹുവാറോങ് ഇന്റർനാഷണൽ ഹോൾഡിങ്സിലെ (CHIH) മുൻ ജനറൽ മാനേജരായിരുന്ന തിയാൻഹുയി, 2014 മുതൽ 2018 വരെയുള്ള കാലയളവിൽ വിവിധ സഹായങ്ങൾ നൽകുന്നതിനായി 156 മില്യൺ ഡോളർ (ഏകദേശം 1,290 കോടി രൂപ) കൈക്കൂലിയായി സ്വീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കിയത്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ അഴിമതി തുടച്ചുനീക്കുന്നതിനുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഹുവറോങ് ഗ്രൂപ്പ്. ഹുവാറോങ് അസറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് സി.എച്ച്.ഐ.എച്ച്. പ്രവർത്തിച്ചിരുന്നത്. തിയാൻഹുയി ചെയ്തത് വളരെ ഗുരുതരമായ കുറ്റമാണെന്ന് ചൈനയിലെ ഉന്നത കോടതി നിരീക്ഷിച്ചിരുന്നു. അഴിമതിക്കേസിൽ 2024 മേയിലാണ് തിയാൻഹുയിയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരേ അപ്പീൽ നൽകിയെങ്കിലും വിധിയിൽ മാറ്റമുണ്ടായില്ല.

കൈക്കൂലിക്കേസിൽ ഹുവാറോങ് ഗ്രൂപ്പിലെ ജീവനക്കാർക്ക് വധശിക്ഷ ലഭിക്കുന്നത് ഇത് ആദ്യമായല്ല. 2021 ജനുവരിയിൽ, 253 മില്യൺ ഡോളർ കൈക്കൂലി വാങ്ങിയ കേസിൽ ഹുവാറോങ്ങിന്റെ മുൻ ചെയർമാൻ ലായ് ഷിയോമിനെയും ചൈന വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. നിലവിൽ ഹുവാറോങ്ങിലെ നിരവധി ജീവനക്കാർ അഴിമതി സംബന്ധിച്ച അന്വേഷണ പരിധിയിലാണുള്ളത്.