ദുബൈ ബസ് സർവീസുകൾ ഇനി എ.ഐ കൺട്രോളിൽ; സമയനിഷ്ഠ ഉറപ്പാക്കാൻ സ്മാർട്ട് സംവിധാനം

  1. Home
  2. International

ദുബൈ ബസ് സർവീസുകൾ ഇനി എ.ഐ കൺട്രോളിൽ; സമയനിഷ്ഠ ഉറപ്പാക്കാൻ സ്മാർട്ട് സംവിധാനം

dubai rta


നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയുമായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ബസ് സർവീസുകളുടെ സമയനിഷ്ഠയും കൃത്യതയും തത്സമയം നിരീക്ഷിക്കുന്നതിനായി ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ എ.ഐ അധിഷ്ഠിത 'സ്മാർട്ട് ഡാഷ്‌ബോർഡുകൾ' വിന്യസിച്ചു.

ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയും 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്ററും' സംയുക്തമായാണ് ഈ അത്യാധുനിക സംവിധാനം വികസിപ്പിച്ചെടുത്തത്. ഡാറ്റ അടിസ്ഥാനമാക്കിയുള്ള മുൻകൂട്ടിയുള്ള പ്രവർത്തനങ്ങളിലൂടെ ദുബൈ ബസ് ശൃംഖലയെ കൂടുതൽ സ്മാർട്ടാക്കാൻ ഇതിലൂടെ സാധിക്കും.

നിശ്ചിത സമയത്തിന് മുൻപ് ബസുകൾ പുറപ്പെടുന്നത് തടയുക, ട്രിപ്പുകൾ റദ്ദാക്കപ്പെടാനുള്ള സാധ്യത മുൻകൂട്ടി പ്രവചിക്കുക, റൂട്ടുകളിലെ തടസ്സങ്ങൾക്കനുസരിച്ച് സർവീസുകൾ കൃത്യമായി തിരിച്ചുവിടുക തുടങ്ങിയ സുപ്രധാന ആപ്ലിക്കേഷനുകൾ ഈ ഡാഷ്‌ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മെട്രോ സർവീസുകളിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഉടനടി അധിക ബസുകൾ വിന്യസിക്കാനുള്ള ഓട്ടോമേറ്റഡ് സംവിധാനവും ഇതിലുണ്ട്.

പുതിയ എ.ഐ സംവിധാനം നടപ്പിലാക്കിയതോടെ സമയക്രമം തെറ്റിയുള്ള ബസ് സർവീസുകളിൽ 68 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്താൻ ആർ.ടി.എയ്ക്ക് സാധിച്ചു. ഇതിന് പുറമെ, പരിസ്ഥിതി സൗഹൃദ ലക്ഷ്യങ്ങളുടെ ഭാഗമായി ബസുകൾ സ്റ്റാർട്ട് ചെയ്തിട്ട് വെറുതെയിടുന്ന (Idle time) സമയം കുറച്ചതിലൂടെ 13,000 ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് നിയന്ത്രിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിച്ചിട്ടുണ്ട്.