റോഡിന് നടുവിൽ വാഹനം നിർത്തരുതെന്ന് ദുബൈ പൊലീസ്; നിയമലംഘകർക്ക് കനത്ത പിഴ
റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നത് ഒട്ടും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ദുബൈ പൊലീസ്. എമിറേറ്റ്സ് റോഡിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ച ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. റോഡിന് നടുവിൽ വാഹനം നിർത്തുന്നത് മാരകമായ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്ന ഏറ്റവും ഗുരുതരമായ നിയമലംഘനമാണെന്ന് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ ഓർമ്മിപ്പിച്ചു.
ഫെഡറൽ ട്രാഫിക് നിയമപ്രകാരം റോഡിന് നടുവിൽ വാഹനം നിർത്തുന്നവർക്ക് 1,000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. ഇതിന് പുറമെ, ഗതാഗതം തടസ്സപ്പെടുത്തുന്നതിന് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 98 പ്രകാരം 500 ദിർഹം അധിക പിഴയും ഈടാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
സാങ്കേതിക തകരാറിനെ തുടർന്ന് ട്രക്ക് റോഡിന് നടുവിൽ നിർത്തിയതാണ് എമിറേറ്റ്സ് റോഡിലെ ദുരന്തത്തിന് കാരണമായത്. തൊട്ടുപിന്നാലെ വന്ന മിനിബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവ് മൂലവും കൃത്യമായ അകലം പാലിക്കാത്തതിനാലും ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ എട്ടുപേർ മരിക്കുകയും നാലുപേർക്ക് ഗുരുതരമായി ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വാഹനം തകരാറിലാവുകയോ ടയർ പങ്ക്‌ചറാവുകയോ ചെയ്താൽ ഡ്രൈവർമാർ താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ദുബൈ പൊലീസ് നിർദ്ദേശിച്ചു:
- ഹസാർഡ് വാണിങ് ലൈറ്റുകൾ (Four-way indicators) ഉടൻ പ്രവർത്തിപ്പിക്കുക.
- പുറകിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കാണാൻ പാകത്തിൽ കൃത്യമായ അകലത്തിൽ വാണിങ് ട്രയാംഗിൾ (Warning Triangle) സ്ഥാപിക്കുക.
- വാഹനത്തിൽ നിന്ന് മുഴുവൻ യാത്രക്കാരെയും ഇറക്കി റോഡിന് പുറത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക.
- വാഹനം റോഡിൽ നിന്ന് സ്വയം മാറ്റാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ അടിയന്തരമായി പൊലീസിനെ വിവരമറിയിക്കുക.
