കാമുകിക്ക് മതിപ്പ് തോന്നാൻ സിംഹക്കൂട്ടില്‍ കയറി വീഡിയോ എടുത്തു; മൃഗശാല ജീവനക്കാരനെ സിംഹങ്ങള്‍ കടിച്ചു കൊന്നു

  1. Home
  2. International

കാമുകിക്ക് മതിപ്പ് തോന്നാൻ സിംഹക്കൂട്ടില്‍ കയറി വീഡിയോ എടുത്തു; മൃഗശാല ജീവനക്കാരനെ സിംഹങ്ങള്‍ കടിച്ചു കൊന്നു

lion


 

കാമുകിക്ക് മതിപ്പ് തോന്നിക്കുന്നതിനായി സിംഹക്കൂട്ടില്‍ കയറി വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച മൃഗശാല ജീവനക്കാരനെ സിംഹങ്ങള്‍ കടിച്ചു കൊന്നു. ഉസ്ബസ്കിസ്ഥാനിലെ പാര്‍ക്കന്‍റിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. 

സിംഹക്കൂട്ടില്‍ കയറുന്ന വീഡിയോ ഇയാള്‍ തന്നെ ചിത്രീകരിച്ചിരുന്നു. മൃഗശാല കാവൽക്കാരനായ എഫ് ഐറിസ്കുലോവ് എന്ന 44കാരനാണ് മരിച്ചത്. ഡിസംബര്‍ 17ന് പുലര്‍ച്ചെ 5 മണിക്കാണ് ഇയാള്‍ കൂട്ടില്‍ കയറിയത്. നൈറ്റ് ഡ്യൂട്ടിക്കിടെയാണ് സംഭവം. കൂട് തുറന്ന് ഇയാള്‍ കയറുമ്പോള്‍ കൂട്ടിലുണ്ടായിരുന്ന മൂന്ന് സിംഹങ്ങളും ആദ്യം ശാന്തമായി ഒരു മൂലയ്ക്ക് ഇരിക്കുകയായിരുന്നു. പെട്ടെന്ന് സിംഹങ്ങള്‍ ഇയാള്‍ക്ക് അടുത്തേക്ക് വന്നപ്പോള്‍ സിംബ, ശാന്തമാകൂ എന്ന് പറഞ്ഞ് അദ്ദേഹം സിംഹങ്ങളില്‍ ഒരെണ്ണത്തെ തൊടുന്നുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി സിംഹങ്ങള്‍ ഇയാളെ ആക്രമിക്കുകയായിരുന്നു. ശാന്തമാകൂ എന്ന് വീണ്ടും വീണ്ടും ഇയാള്‍ പറയുകയും അലറി വിളിക്കുകയും ചെയ്തു. 

സിംഹത്തിന്‍റെ ആക്രമണത്തില്‍ ഇയാള്‍ മരിച്ചു. ശരീരഭാഗങ്ങള്‍ വേര്‍പെട്ടിരുന്നു. നാല് മണിക്കൂറിന് ശേഷമാണ് മൃഗശാലയിലെ മറ്റ് ജീവനക്കാര്‍ എത്തിയത്. അപ്പോഴാണ് ഐറിസ്കുലോവിനെ സിംഹക്കൂട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകരെത്തി രണ്ട് സിംഹങ്ങളെ ശാന്തരാക്കിയെങ്കിലും മൂന്നാമത്തെതിനെ വെടിവെച്ച് കൊല്ലേണ്ടി വന്നു. പിന്നീടാണ് ഐറിസ്കുലോവിന്‍റെ മൃതദേഹം പുറത്തെടുത്തത്. സിംഹങ്ങള്‍ മൃഗശാല കാവല്‍ക്കാരനെ കൊലപ്പെടുത്തിയതായും ശരീരം പകുതിയോളം തിന്നതായും മൃഗശാല ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2019ലാണ് ഈ ലയൺ പാര്‍ക്ക് തുറന്നത്. 10 ആഫ്രിക്കൻ സിംഹങ്ങൾ, അഞ്ച് സിംഹക്കുട്ടികൾ, ഒരു തവിട്ട് കരടി, ഒരു കഴുകൻ, ഒരു ചീറ്റ, മറ്റ് സസ്തനികൾ, പക്ഷികൾ എന്നിവയും ഇവിടെയുണ്ട്.