ജപ്പാന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി
ജപ്പാന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി. ജപ്പാന്റെ ഇരുമ്പ് വനിതയെന്ന് അറിയപ്പെടുന്ന 64കാരി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി പദത്തിലേക്ക് ആവശ്യമായ നിർണായക വോട്ടെടുപ്പ് വിജയിച്ചത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ കടുത്ത ആരാധികയായാണ് സനേ തകായിച്ചി സ്വയം വിശേഷിപ്പിക്കുന്നത്. ജപ്പാന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നാം ശ്രമത്തിലാണ് സനേ തകായിച്ചി എത്തുന്നത്. അഞ്ച് വർഷത്തിനുള്ളിലുണ്ടാവുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് സനേ തകായിച്ചി. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ ആരോപണങ്ങളിലൂടെയാണ് നിലവിൽ കടന്ന് പോകുന്നത്. എൽഡിപിയുടെ തീവ്ര വിഭാഗത്തിലെ പ്രമുഖ നേതാവായ സനേ തകായിച്ചി അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശിഷ്യ കൂടിയാണ്. താറുമാറായ സമ്പദ്‌വ്യവസ്ഥ, അമേരിക്കയുമായുള്ള ബന്ധത്തിലെ കല്ലുകടികൾ, ആഭ്യന്തര സംഘർഷങ്ങളും അഴിമതികളും മൂലം എൽഡിപി താറുമാറായ അവസ്ഥ എന്നിങ്ങനെ രൂക്ഷമായ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് സനേ തകായിച്ചി സുപ്രധാന പദവിയിലേക്ക് എത്തുന്നത്.
