ഖത്തർ ദേശീയദിന പരേഡ് ഡിസംബർ 18ന്
ഖത്തർ ദേശീയദിന പരേഡ് ഡിസംബർ 18ന് ദോഹ കോർണിഷിൽ നടക്കുമെന്ന് സാംസ്കാരിക മന്ത്രാലയം. മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് പരേഡ് തിരിച്ചെത്തുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ വാക്കുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ’ (ബികും തഅ് ലൂ വ മിൻകും തൻതദിർ) എന്ന ഏറെ ശ്രദ്ധേയമായ ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം സാംസ്കാരിക മന്ത്രാലയം നേരത്തേ പുറത്തിറക്കിയിരുന്നു. 2016ൽ ഖത്തർ യൂനിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിൽ അമീർ നടത്തിയ പ്രസംഗത്തിൽനിന്നാണ് ഈ വാക്യങ്ങൾ ഉരുവിട്ടത്.
രാജ്യത്തോടുള്ള പ്രതിബദ്ധതയും ജനങ്ങളുടെ ഐക്യവും വിശ്വസ്തതയും തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും പരേഡ്. 1878ൽ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഡിസംബർ 18ന് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്.
