റിയാദ്-ദോഹ അതിവേഗ ഇലക്ട്രിക് ട്രെയിൻ വരുന്നു; യാത്രാസമയം വെറും 2 മണിക്കൂർ, ഇരു രാജ്യങ്ങളും ധാരണയായി
സൗദി അറേബ്യയും ഖത്തറും തമ്മിൽ റിയാദ്, ദോഹ നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് ട്രെയിൻ പദ്ധതിയിൽ ധാരണയായി. റിയാദിൽ നടന്ന സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എന്നിവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദമ്മാം, അൽ ഹുഫൂഫ് ഉൾപ്പെടെയുള്ള നഗരങ്ങളിലൂടെ കടന്നുപോകുന്ന ഈ റെയിൽപാത, ഇരു രാജ്യങ്ങളുടെയും വിഷൻ 2030 ലക്ഷ്യമാക്കിയുള്ളതാണ്.
പദ്ധതി യാഥാർത്ഥ്യമായാൽ, റിയാദിൽ നിന്ന് ദോഹയിലേക്കുള്ള യാത്രാ സമയം വെറും 2 മണിക്കൂർ മാത്രമായി ചുരുങ്ങും. 785 കിലോമീറ്റർ ദൂരത്തിലാണ് പാത നിർമ്മിക്കുക, ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതലായിരിക്കും. റിയാദിലെ കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തെയും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും നേരിട്ട് ബന്ധിപ്പിക്കുന്നതാകും ഈ റെയിൽ ശൃംഖല.
ഈ അതിവേഗ ട്രെയിൻ സർവീസ് പ്രതിവർഷം 1 കോടിയിലധികം യാത്രക്കാർ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാർക്കായി 5 സ്റ്റേഷനുകൾ പാതയിലുടനീളം സജ്ജമാക്കും. ഏകദേശം 6 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ഇരു രാജ്യങ്ങളിലുമായി ഏകദേശം 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് സൗദി അറേബ്യയുടെയും ഖത്തറിന്റെയും മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) 115 ബില്യൺ റിയാലിന്റെ വർദ്ധനവ് വരുത്തുമെന്നാണ് കണക്കാക്കുന്നത്.
