ലോകത്തിലെ മികച്ച സാംസ്കാരിക ടൂറിസം പദ്ധതിയായി സൗദിയിലെ അൽ-ഉല; വേൾഡ് ട്രാവൽ അവാർഡ്‌സിൽ സുപ്രധാന നേട്ടം
സൗദി അറേബ്യയിലെ ചരിത്രപ്രസിദ്ധമായ അൽ-ഉല ഗവർണറേറ്റ്, 2025-ലെ ലോകത്തിലെ ഏറ്റവും മികച്ച സാംസ്കാരിക ടൂറിസം പദ്ധതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ടൂറിസം മേഖലയിലെ ഏറ്റവും പ്രശസ്തമായ വേൾഡ് ട്രാവൽ അവാർഡ്‌സിൽ (World Travel Awards) നിന്നാണ് അൽ-ഉല ഈ സുപ്രധാന നേട്ടം സ്വന്തമാക്കിയത്. അന്താരാഷ്ട്ര വിദഗ്ധർ, ടൂർ ഓപ്പറേറ്റർമാർ, മുതിർന്ന എക്സിക്യൂട്ടീവുകൾ എന്നിവരടങ്ങിയ പാനലിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് അൽ-ഉല ഈ വാർഷിക പുരസ്കാരം നേടിയത്.
ഈ വർഷം വേൾഡ് ട്രാവൽ അവാർഡ്‌സിന്റെ മിഡിൽ ഈസ്റ്റ് എഡിഷനിൽ മൂന്ന് പ്രാദേശിക പുരസ്കാരങ്ങളും അൽ-ഉല നേടിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ മികച്ച സാംസ്കാരിക ടൂറിസം പദ്ധതി, മിഡിൽ ഈസ്റ്റിലെ മികച്ച ഇവന്റുകളും ഫെസ്റ്റിവലുകളും സംഘടിപ്പിച്ചയിടം, രാജ്യത്തെ മുൻനിര സാംസ്കാരിക ടൂറിസം പദ്ധതി എന്നിവയാണവ.
2 ലക്ഷത്തിലധികം വർഷത്തെ മാനവ വാസത്തിന്റെയും 7,000 വർഷത്തെ തുടർച്ചയായ നാഗരികതകളുടെയും ചരിത്രം ഉൾക്കൊള്ളുന്നതാണ് അൽ-ഉല. ആകർഷകമായ പ്രകൃതി സൗന്ദര്യം, ഊഷ്മളമായ ആതിഥ്യം, വർഷം മുഴുവൻ നടക്കുന്ന "അൽ ഉല മൊമന്റ്സ്" പരിപാടിയിലെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, ഫെസ്റ്റിവലുകൾ, കലാ പ്രദർശനങ്ങൾ, സംഗീത പരിപാടികൾ എന്നിവയിലൂടെ അൽ-ഉല ഈ ചരിത്രത്തെ ആഗോള സഞ്ചാരികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നു. യൂറോപ്പിൽ നിന്നടക്കം നിരവധി സന്ദർശകരാണ് ഓരോ ദിവസവും അൽ-ഉലയുടെ സൗന്ദര്യം ആസ്വദിക്കാൻ സൗദിയിൽ എത്തുന്നത്. 1993-ൽ സ്ഥാപിതമായ വേൾഡ് ട്രാവൽ അവാർഡ്‌സ്, യാത്രാ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികവിനെ ആദരിക്കുന്ന ആഗോള വേദിയാണ്.
