ഒമാനിൽ കടൽ രക്ഷാപ്രവർത്തനം ഇനി ഒരൊറ്റ കുടക്കീഴിൽ; നിയന്ത്രണം സി.ഡി.എ.എ ഏറ്റെടുത്തു
ഒമാനിലെ കടൽ രക്ഷാപ്രവർത്തനങ്ങളുടെ പൂർണ്ണ ചുമതല സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) ഔദ്യോഗികമായി ഏറ്റെടുത്തു. രാജ്യത്തെ അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. മുൻപ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (CAA) കീഴിലുണ്ടായിരുന്ന മാരിടൈം റസ്‌ക്യൂ സ്റ്റേഷന്റെ നിയന്ത്രണമാണ് ഇപ്പോൾ സി.ഡി.എ.എയ്ക്ക് കൈമാറിയിരിക്കുന്നത്.
കടലിലെ അപകടങ്ങളിൽപ്പെടുന്നവരെ തിരയുന്നതിലും രക്ഷപ്പെടുത്തുന്നതിലും പ്രത്യേക പരിശീലനം ലഭിച്ച സ്വദേശി ഉദ്യോഗസ്ഥരെയും അത്യാധുനിക മെഡിക്കൽ സംഘത്തെയും ഉൾപ്പെടുത്തിയാണ് അതോറിറ്റി സജ്ജമായിരിക്കുന്നത്. 24 മണിക്കൂറും തടസ്സമില്ലാതെ ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള എല്ലാ സാങ്കേതിക, ഭരണപരമായ നടപടികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. കാണാതാകുന്നവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കാനും സമുദ്ര സുരക്ഷ ഉറപ്പാക്കാനും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
കടലിൽ വെച്ച് പരിക്കേൽക്കുന്നവർക്ക് പ്രാഥമിക അടിയന്തര വൈദ്യസഹായം നൽകാനും അവരെ അതിവേഗം ആശുപത്രികളിൽ എത്തിക്കാനുമുള്ള അത്യാധുനിക ആംബുലൻസ് സംവിധാനവും ഇതിന്റെ ഭാഗമായി പ്രവർത്തിക്കും. ഒമാനിൽ വർദ്ധിച്ചുവരുന്ന സമുദ്ര-വിനോദസഞ്ചാര മേഖലകളിലെയും സാമ്പത്തിക പ്രവർത്തനങ്ങളിലെയും തിരക്ക് കണക്കിലെടുത്ത്, രക്ഷാപ്രവർത്തനങ്ങൾ ഒരു കേന്ദ്രീകൃത ഏജൻസിക്ക് കീഴിൽ കൊണ്ടുവരുന്നത് വലിയ രീതിയിൽ സഹായകരമാകുമെന്ന് സി.ഡി.എ.എ വ്യക്തമാക്കി.
