ഹോർമുസ് കടലിടുക്കിൽ കപ്പൽ അപകടം; 24 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ രക്ഷപ്പെടുത്തി
ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിന് സമീപം അപകടത്തിൽപ്പെട്ട ‘എം.ടി മാരിവെക്‌സ്’ (MT Marivex) എന്ന കപ്പലിലെ 24 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഒമാൻ അധികൃതർ നടത്തിയ സമയബന്ധിതമായ രക്ഷാപ്രവർത്തനത്തെ മസ്‌കത്തിലെ ഇന്ത്യൻ എംബസി പ്രശംസിച്ചു. കപ്പലിലുണ്ടായിരുന്ന മുഴുവൻ ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി എംബസി തങ്ങളുടെ ഔദ്യോഗിക 'എക്‌സ്' (X) അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു.
കപ്പലിന് നേരെ ആക്രമണമുണ്ടായതായുള്ള സൂചനകൾ പുറത്തുവന്നതോടെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ഒമാൻ ഭരണകൂടവുമായി അടിയന്തരമായി ബന്ധപ്പെടുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, കപ്പൽ അപകടപ്പെടാനുണ്ടായ കൃത്യമായ കാരണത്തെക്കുറിച്ചോ രക്ഷപ്പെടുത്തിയ ജീവനക്കാരുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല.
കപ്പലിലെ ജീവനക്കാർ അതീവ ഗുരുതരമായ പ്രതിസന്ധിയിലാണെന്നും ഇന്ത്യൻ നാവികസേനയും വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ‘ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ’ (FCUI) രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആശങ്കകൾക്ക് വിരാമമിട്ട് ജീവനക്കാർ സുരക്ഷിതരാണെന്ന ആശ്വാസ വാർത്തയെത്തിയത്.
