ഒമാനിൽ ശക്തമായ കാറ്റും പൊടിക്കാറ്റും; കാഴ്ചപരിധി കുറയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

  1. Home
  2. International

ഒമാനിൽ ശക്തമായ കാറ്റും പൊടിക്കാറ്റും; കാഴ്ചപരിധി കുറയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

dust storm


ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും കനത്ത പൊടിക്കാറ്റിനും സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളെയും മരുഭൂമി മേഖലകളെയുമാണ് പൊടിക്കാറ്റ് പ്രധാനമായും ബാധിക്കുക. ഇത് റോഡുകളിൽ കാഴ്ചപരിധി (Visibility) ഗണ്യമായി കുറയാൻ ഇടയാക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ആദം, ബുറൈമി, സുനൈന, ബഹ്‌ല, ദൻക്, ഇബ്രി എന്നീ ഗവർണറേറ്റുകളിലാണ് പൊടിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത്. അതേസമയം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ അന്തരീക്ഷമായിരിക്കും. എന്നാൽ സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ അർധരാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇസ്‌കി, ഹംറ, ഖബൂറ, റുസ്താഖ്, സുവൈഖ്, അൽ അവാബി, നഖൽ എന്നീ പ്രദേശങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. ഇതിന് പുറമെ അൽ ജസീറ, ദുഖം, തുമ്രൈത്, ജഅ്ലാൻ ബനി ബൂ ഹസ്സൻ, ജഅ്ലാൻ ബനി ബൂ അലി, രഖ്യൂത്ത്, സദഹ് എന്നീ തീരദേശ, ഉൾപ്രദേശങ്ങളിലും കനത്ത കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം.