ദുബായിൽ രണ്ട് പുതിയ ആധുനിക താമസമേഖലകൾ വരുന്നു; 2 ലക്ഷത്തിലധികം ആളുകൾക്ക് താമസസൗകര്യം ഒരുക്കും

  1. Home
  2. International

ദുബായിൽ രണ്ട് പുതിയ ആധുനിക താമസമേഖലകൾ വരുന്നു; 2 ലക്ഷത്തിലധികം ആളുകൾക്ക് താമസസൗകര്യം ഒരുക്കും

dubai


ദുബായിൽ കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ രണ്ട് പുതിയ താമസമേഖലകൾ കൂടി വികസിപ്പിക്കാൻ തീരുമാനമായി. മദീനത്ത് ലത്തീഫ, അൽ യലായിസ് എന്നിവിടങ്ങളിലാണ് ഈ പുതിയ താമസകേന്ദ്രങ്ങൾ നിർമ്മിക്കുക. ഇതുമായി ബന്ധപ്പെട്ട പദ്ധതിക്ക് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ അംഗീകാരം നൽകി.

3,000 ഹെക്ടർ സ്ഥലത്താണ് മദീനത്ത് ലത്തീഫ എന്ന താമസകേന്ദ്രം ഉയരുക. ഇവിടെ ഏകദേശം 1,41,000 പേർക്ക് താമസിക്കാൻ കഴിയുന്ന 18,500 റെസിഡൻഷ്യൽ യൂനിറ്റുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു. ഈ പദ്ധതിയുടെ ഭാഗമായി 77 പാർക്കുകളും നിർമ്മിക്കും.

1,108 ഹെക്ടർ സ്ഥലത്താണ് അൽ യലായിസിൽ താമസമേഖല വികസിപ്പിക്കുക. 8,000 റെസിഡൻഷ്യൽ യൂനിറ്റുകളിലായി 66,000 പേർക്ക് ഇവിടെ താമസസൗകര്യം ലഭിക്കും. ഇവിടെയും 75 പാർക്കുകൾ നിർമ്മിക്കാൻ പദ്ധതിയുണ്ട്.

ഈ രണ്ട് പ്രദേശങ്ങളിലുമായി ആകെ 33 കിലോമീറ്റർ നീളത്തിൽ കാൽനട പാതകളും സൈക്ലിങ് പാതകളും നിർമ്മിക്കും. മദീനത്ത് ലത്തീഫ മേഖലയിലെ ഏകദേശം 11 ശതമാനം പ്രദേശം ഹരിത ഇടങ്ങൾക്കും തുറസ്സായ സ്ഥലങ്ങൾക്കുമായി നീക്കിവെക്കും. ഇവിടെ നിർമ്മിക്കുന്ന 12 കിലോമീറ്റർ നീളമുള്ള സൈക്ലിങ് പാത, 77 പാർക്കുകളിലേക്കും പ്രവേശനം സാധ്യമാകുന്ന രീതിയിലായിരിക്കും രൂപകൽപന ചെയ്യുക. സ്‌കൂളുകൾ, നഴ്‌സറികൾ, പള്ളികൾ, ക്ലിനിക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയ എല്ലാ സമഗ്ര സൗകര്യങ്ങളും പുതിയ താമസമേഖലകളിൽ ഒരുക്കും.