പ്രതികളെ കൊന്നുകളയണമെന്നാണ് അന്ന് തോന്നിയത്; വല്ലാത്തൊരു സമാധാനക്കേടിലാണ്: ലാൽ

  1. Home
  2. Kerala

പ്രതികളെ കൊന്നുകളയണമെന്നാണ് അന്ന് തോന്നിയത്; വല്ലാത്തൊരു സമാധാനക്കേടിലാണ്: ലാൽ

lal


നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് നടൻ ലാൽ ആവശ്യപ്പെട്ടു. വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വികാരനിർഭരമായ പ്രതികരണം. ഈ കേസ് സുപ്രീം കോടതിയിലേക്ക് പോകുകയാണെങ്കിൽ, തനിക്ക് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്നും ലാൽ വ്യക്തമാക്കി.

"ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്നപ്പോൾ അനുഭവിച്ച വിഷമവും സങ്കടവുമൊക്കെ കേട്ടപ്പോൾ, പ്രതികളായവരെ കൊന്നുകളയണമെന്നാണ് അന്ന് തോന്നിയത്. കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണം എന്നാണ് ഇപ്പോഴത്തെയും ആഗ്രഹം," ലാൽ പറഞ്ഞു.

കേസിൽ ഗൂഢാലോചന നടന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ അർത്ഥമില്ലെന്നും താൻ പൂർണ്ണമായി അറിയാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവദിവസം, ആക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിലെത്തിയപ്പോൾ താനാണ് ആദ്യം ഡി.ജി.പി. ബെഹ്റയെ ഫോണിൽ വിളിച്ചത്. അതിനുശേഷമാണ് പി.ടി. തോമസ് അവിടെയെത്തിയത്. പ്രതിയായ മാർട്ടിനെ ആശുപത്രിയിലെത്തിക്കണം എന്ന് പി.ടി. തോമസ് പറഞ്ഞപ്പോൾ, അവന്റെ അഭിനയം ശരിയല്ലെന്നും സംശയം തോന്നുന്നുവെന്നും താൻ പറയുകയായിരുന്നു. ഈ സംശയം താൻ ഉദ്യോഗസ്ഥരോടും പങ്കുവെച്ചു. അത് താൻ ചെയ്ത വലിയ കാര്യമായി വിശ്വസിക്കുന്നുണ്ടെന്നും ലാൽ കൂട്ടിച്ചേർത്തു.

വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ല. വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും അറിയില്ല. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. കുറ്റക്കാരനല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന് വ്യക്തമല്ല. "ഞാൻ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് വിധി വന്നശേഷം പെൺകുട്ടിയെ വിളിച്ചിട്ടില്ല," ലാൽ പ്രതികരിച്ചു.