വൃത്തിയുള്ള ശുചിമുറി വിവരങ്ങൾ 'ക്ലൂ' നൽകും; ആപ്പുമായി ശുചിത്വ മിഷൻ

  1. Home
  2. Kerala

വൃത്തിയുള്ള ശുചിമുറി വിവരങ്ങൾ 'ക്ലൂ' നൽകും; ആപ്പുമായി ശുചിത്വ മിഷൻ

kloo


യാത്രകൾക്കിടയിൽ വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ആപ്പുമായി ശുചിത്വമിഷൻ. തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി ക്ലൂ ആപ്പ് കാണിച്ചുതരും. സ്വകാര്യമേഖലയിൽ ഉൾപ്പെടെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിമുറികളെക്കൂടി ഉൾപ്പെടുത്തിയാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

റിയൽ ടൈം അപ്ഡേറ്റുകൾ, മാപ്പിൽ ലഭ്യമാക്കുന്ന കൃത്യതയാർന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവയ്‌ക്കൊപ്പം ശുചിമുറിയുടെ റേറ്റിങും ആപ്പിൽ ഉപയോക്താക്കൾക്ക് രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി, കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷനൊപ്പം ചേർന്ന് ശുചിത്വമിഷനാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പദ്ധതിയുടെ ഭാഗമാവുന്ന സ്വകാര്യസ്ഥാപനം നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ സിഗ്നേച്ചർ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങൾ, സൗകര്യങ്ങൾ എന്നിവയും ആപ്പിൽ നൽകും.

കേരള ലൂ (Kerala Loo) എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയിരിക്കുന്നത്. ഫ്രൂഗൽ സൈന്റിഫിക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വൈകാതെ ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാവും. ആപ്പിലേക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ശുചിമുറികൾ ലഭ്യമായ മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ ഈ മാസം നാളെ മുതൽ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ടേക്ക് എ ബ്രേക്കും പൊതുശുചിമുറികളും യാത്രക്കാരുടെയുൾപ്പെടെ അവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് പുതിയ സംരംഭം എന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം.