സന്ദീപ് വാര്യര്‍ക്കെതിരായ സിപിഎമ്മിന്‍റെ പത്രപരസ്യം; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി ഇല്ല; നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്

  1. Home
  2. Kerala

സന്ദീപ് വാര്യര്‍ക്കെതിരായ സിപിഎമ്മിന്‍റെ പത്രപരസ്യം; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി ഇല്ല; നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്

SANDEEP


ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരായ സിപിഎമ്മിന്‍റെ  പത്രപരസ്യത്തിന് മുന്‍കൂര്‍ അനുമതിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  മീഡിയ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങിയില്ല സിപിഎം പരസ്യം നൽകിയത്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങണം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയാണ് സിപിഎം പത്രപരസ്യം നല്‍കിയത്.

സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ദ്ധയും വളര്‍ത്തുന്ന ഈ പരസ്യത്തിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.പ്രതികരിച്ചു. 

പരാജയഭീതി പാര്‍ട്ടിയെ തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഎം. പാര്‍ട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും  നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.