ഇന്ന് മെഡിക്കൽ കോളജുകളിൽ ഒപി ബഹിഷ്‌കരിച്ച് ഡോക്ടർമാരുടെ സമരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തിൽ ഇന്ന് ഡോക്ടർമാർ വീണ്ടും ഒപി ബഹിഷ്‌കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയും ഒപി ബഹിഷ്‌കരിച്ചിട്ടും, സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണിത്.
നവംബർ 5, 13, 21, 29 തിയതികളിലും ഡോക്ടർമാർ ഒ.പിയിലെത്തില്ല. ഇതോടൊപ്പം വിദ്യാർഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും. ഈ ദിവസങ്ങളിൽ കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സകൾ മുടക്കമില്ലാതെ നടക്കും. ഔദ്യോഗിക യോഗങ്ങൾ ബഹിഷ്‌കരിക്കുന്നതും തുടരുമെന്ന് കെജിഎംസിടിഎ ഭാരവാഹികൾ അറിയിച്ചു.
എൻട്രി കേഡർ അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളത്തിലെ അപാകതകൾ പരിഹരിച്ച് പി.എസ്.സി നിയമനങ്ങൾ വേഗത്തിലാക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉടൻ നൽകുക,താൽക്കാലിക സ്ഥലമാറ്റങ്ങൾ നടത്താതെ സ്ഥിരം നിയമനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
