സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി പ്രതിശ്രുത വധുവിന് ദാരുണാന്ത്യം
കൊല്ലം - തേനി ദേശീയ പാതയിൽ ശാസ്താംകോട്ട ഭരണിക്കാവ് ഊക്കൻമുക്ക് ജംക്ഷനിൽ സ്കൂൾ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ ശാരദാലയം എ. അഞ്ജന (24)യാണ് മരിച്ചത്. രാവിലെയാണ് അപകടമുണ്ടായത്.
ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ സ്കൂൾ ബസ് ഇടിച്ച ശേഷം ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഞ്ജനയുടെ വിവാഹം ഒക്ടോബർ 19ന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. മൂന്ന് മാസം മുൻപാണ് ബാങ്കിൽ ജോലിക്ക് കയറിയത്.
