മുസ്ലിം വിദ്വേഷ പരാമർശം; പി സി ജോർജിന്‍റെ മുൻകൂ‍ർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാലാം തവണയും മാറ്റി

  1. Home
  2. Kerala

മുസ്ലിം വിദ്വേഷ പരാമർശം; പി സി ജോർജിന്‍റെ മുൻകൂ‍ർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാലാം തവണയും മാറ്റി

pc george


 

മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന്‍റെ മുൻകൂ‍ർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. അടുത്ത മാസം അഞ്ചിന് ഹർജി പരിഗണിക്കും. നാലാം തവണയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ഹർ‍ജിയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശം.

ഇന്ന് ഹർജി പരിഗണിച്ചപ്പോൾ കോടതി പ്രൊസിക്യൂഷനെ വിമർശിച്ചു. വിദ്വേഷ പരാമർശത്തിന്‍റെ പൂർണ്ണ രൂപം എഴുതി നൽകണമെന്ന് കോടതി കഴിഞ്ഞ ദിവസം പ്രൊസിക്യൂഷനോട് നിർദേശിച്ചിരുന്നു. എന്നാൽ, ഇത് പ്രൊസിക്യൂഷൻ നൽകിയിരുന്നില്ല. തുടര്‍ന്നാണ് പ്രൊസിക്യൂഷനെ കോടതി വിമര്‍ശിച്ചത്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെ ഈരാറ്റുപേട്ട പൊലീസ് ആണ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.