കനത്ത മഴ: ഇടുക്കിയിൽ അടിയന്തര നിയന്ത്രണങ്ങൾ; രാത്രി യാത്ര നിരോധിച്ചു
ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്ന് വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര നാളെ വൈകിട്ട് 7 മുതൽ മറ്റന്നാൾ രാവിലെ 6 വരെ പൂർണ്ണമായി നിരോധിച്ചു. ജില്ലയിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവയും നിർത്തിവെച്ചു. സാഹസിക വിനോദങ്ങൾക്കും ജല വിനോദങ്ങൾക്കും നിരോധനമുണ്ട്.
ഇടുക്കിയിൽ മിക്ക സ്ഥലത്തും മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറഞ്ഞ മഴയാണിപ്പോൾ പെയ്യുന്നത്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. മുഴുവൻ വിദ്യാർഥികളും താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
