'മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനും ഹൃദയം നിറഞ്ഞ നന്ദി'; കുറിപ്പുമായി നടി ഹണി റോസ്
വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനും നന്ദി പറഞ്ഞ് നടി ഹണി റോസ്. തന്റെ പോരാട്ടത്തിന് ഒപ്പം നിന്ന് ശക്തമായ ഉറപ്പുനൽകി നടപടിയെടുത്തതിന് താനും കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി നടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
നടിയുടെ കുറിപ്പിന്റെ പൂർണരൂപം
നന്ദി നന്ദി നന്ദി.
ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത് ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ അശ്ളീല ദ്വയാർത്ഥ കമന്റുകളും പ്ലാൻഡ് ക്യാമ്പയിനും മതി. സാമൂഹ്യമാദ്ധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും.
പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിന് ഒപ്പം നിന്ന് ശക്തമായ ഉറപ്പു നൽകി നടപടി എടുത്ത കേരള സർക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയൻ അദ്ദേഹത്തിനും കേരള പൊലീസിനും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
നന്ദി നന്ദി നന്ദി..
ലോ ആൻഡ് ഓർഡർ എഡിജിപി ശ്രീ മനോജ് എബ്രഹാം സർ, എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാദിത്യ ഐപിഎസ് സർ, ഡിസിപി ശ്രീ അശ്വതി ജിജി ഐപിഎസ് മാഡം, സെൻട്രൽ പൊലീസ് സ്റ്റേഷൻ എസിപി ശ്രീ ജയകുമാർ സർ, സെൻട്രൽ പൊലീസ്
സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ അനീഷ് ജോയ് സർ, ബഹുമാനപ്പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കൂടെ നിന്ന
ബഹുമാനപ്പെട്ട നേതാക്കൾ, പൂർണപിന്തുണ നൽകിയ മാദ്ധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ, എന്നെ സ്നേഹിക്കുന്നവർ. എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി.