ജയ് ഹിന്ദ് ടിവി ന്യൂസ് ഇൻ ചാർജ് മാത്യു സി ആർ അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകനും ജയ് ഹിന്ദ് ടിവി സീനിയർ ന്യൂസ് എഡിറ്ററും ന്യൂസ് ഇൻ ചാർജുമായ മാത്യു സി ആർ അന്തരിച്ചു. 53 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ മറ്റന്നാൾ നടക്കും. വ്യാഴാഴ്ച പകൽ 11 മണിയോടെ പാറ്റൂർ പള്ളിയിലാണ് സംസ്‌കാരം നടക്കുക. നാളെ ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ജയ് ഹിന്ദ് ടിവി ഓഫീസിൽ മാത്യു സി ആറിന്റെ മൃതദേഹം സഹപ്രവർത്തകർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി പൊതുദർശനത്തിന് വെക്കും.
തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബിലും പൊതുദർശനമുണ്ടാകും. ഇതിനുശേഷം മുളവനയിലെ വീട്ടിലേക്ക് കൊണ്ടുപോകും. എസിവിയിലൂടെയാണ് മാത്യു സി ആർ മാധ്യമരംഗത്തെത്തുന്നത്. പിന്നീട് സൂര്യ ടിവി ന്യൂസിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്നു. പത്രപ്രവർത്തക യൂണിയന്റെ സംഘടനാ പ്രവർത്തനങ്ങളിലും മുൻനിരയിൽ പ്രവർത്തിച്ചിരുന്നു.
