കെ റെയിൽ; കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മുന്നോട്ട് , നവംബർ 13 ന് ജനകീയ സമിതിയുടെ പ്രതിഷേധം
കെ റെയില്‍ പദ്ധതിയുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ആദ്യഘട്ടമായി നവംബർ 13 ന് എറണാകുളത്ത് പ്രതിരോധ സംഗമവും പ്രതിഷേധപ്രകടനവും നടത്തും.
പദ്ധതി നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 6 ന് കേന്ദ്ര റെയിൽവേ മന്ത്രിക്ക് അലൈൻമെന്റ് പ്രദേശത്തെ 25,000 ജനങ്ങളും പാർലമെൻറ് അംഗങ്ങളും ഒപ്പിട്ട വിശദമായ നിവേദനം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് തന്നെ തടസ്സമാകുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടു നൽകരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. വീണ്ടും സംസ്ഥാന സർക്കാരിൻറെ പിടിവാശിക്കൊപ്പം നിൽക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നതിന്റെ സൂചനയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പൊതുജനങ്ങളിൽ നിന്ന് ഉയരുന്നത്.
ആലുവ മുനിസിപ്പൽ അംബേദ്ക്കർ ഹാളിൽ നടക്കുന്ന പ്രതിരോധ സംഗമം ഡോ. എം.പി മത്തായി ഉദ്ഘാടനം ചെയ്യും. പദ്ധതി നടപ്പിലായാൽ കേരളത്തിൽ സൃഷ്ടിക്കപ്പെടാൻ പോകുന്ന ഗുരുതര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ സിൽവർ ലൈൻ പഠന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി നടക്കുന്ന സെമിനാറിൽ പരിസ്ഥിതി പ്രവർത്തകൻ ഡോ. ശ്രീധർ രാധാകൃഷ്ണൻ വിഷയാവതരണം നടത്തും.