കൊടി സുനിയുടെ പരസ്യ മദ്യപാനം: നടപടിയുണ്ടാകുമെന്ന് പി. ജയരാജൻ
ടി.പി. വധക്കേസ് പ്രതി കൊടി സുനിയുടെ പരസ്യ മദ്യപാനം വലിയ വിവാദമാകുമ്പോൾ, പ്രതികരണവുമായി ജയിൽ ഉപദേശക സമിതിയംഗം പി ജയരാജൻ. 'കൊടി ആയാലും വടി ആയാലും അച്ചടക്ക ലംഘനം അംഗീകരിക്കില്ല, നടപടിയുണ്ടാകും' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തലശ്ശേരിയിലെ ഹോട്ടലിന് മുന്നിൽ കഴിഞ്ഞ മാസം 17ന്, കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കാവലിൽ സുനി മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മദ്യം കൊണ്ടുവന്ന വാഹനത്തിന്റെ നമ്പറും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.ഇതോടെയാണ് പൊലീസ് വകുപ്പിന്റെ വീഴ്ചയെന്ന് വിലയിരുത്തി വൈശാഖ്, വിനീഷ്, ജിഷ്ണു എന്നി മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.
തുടർന്നുള്ള അന്വേഷണം തുടരുകയാണ്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചതെന്ന് പി. ജയരാജൻ വ്യക്തമാക്കി.
അതേസമയം, ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് 15 ദിവസത്തേക്ക് പരോൾ അനുവദിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ടി കെ രജീഷിന് പരോൾ അനുവദിച്ചത്. മറ്റാരെങ്കിലും തെറ്റ് ചെയ്തതിന്റെ പേരിൽ രജീഷിന് പരോൾ നൽകാതിരിക്കേണ്ട കാര്യമില്ലെന്നായിരുന്നു പരോൾ അനുവദിച്ചതിൽ പി ജയരാജൻ പ്രതികരിച്ചത്
