കൊടുവള്ളി എൽഡി ക്ലർക്കിന്റെ ആത്മഹത്യ: വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്താൻ സമ്മർദം ചെലുത്തി; ഗുരുതര ആരോപണവുമായി യുഡിഎഫ്
കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ എൽഡി ക്ലാർക്ക് അജീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി യുഡിഎഫ്. വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്താനുള്ള സമ്മർദം മൂലമാണ് അജീഷ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ഇടതു കൗൺസിലർമാരാണ് വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്താൻ സമ്മർദം ചെലുത്തിയതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പൊലീസിൽ പരാതി നല്ഡിയതായും കൊടുവള്ളി നഗരസഭാ ചെയർപേഴ്സൻ വെള്ളറ അബ്ദു പറഞ്ഞു.
അതിനിടെ, കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടികയിൽ നിന്നും പുറത്തായ നൂറോളം പേർ കലക്ടറുടെ ചേംബറിനു മുന്നിൽ പ്രതിഷേധവുമായെത്തി. കൊടുവള്ളി നഗരസഭയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന എൽഡി ക്ലാർക്ക് അജീഷ് ഈ മാസം 19നാണ് ജീവനൊടുക്കിയത്. ഇടത് കൗൺസിലർമാർ വോട്ടർ പട്ടികയിൽ ക്രമക്കേട് വരുത്താനായി അജീഷിൽ സമ്മർദം ചെലുത്തിയിരുന്നതായാണ് യുഡിഎഫ് ആരോപിക്കുന്നത്. അജീഷിന്റെ കംപ്യൂട്ടർ ലോഗിൻ ഐ ഡിയും പാസ് വേഡും ദുരുപയോഗം ചെയ്തതായി സംശയിക്കുന്നു. ഇക്കാര്യത്തിൽ ഇടതു കൗൺസിലർമാരുടെ പങ്കുൾപ്പെടെ അന്വേഷിക്കണമെന്ന് നഗരസഭാ ചെയർപേഴ്സൻ വെള്ളറ അബ്ദു ആവശ്യപ്പെട്ടു.
