കെപിസിസി പുനഃസംഘടന വേണം; കെ സുധാകരനെ അടക്കം മാറ്റണം: കോൺഗ്രസിൽ ഭിന്നത

  1. Home
  2. Kerala

കെപിസിസി പുനഃസംഘടന വേണം; കെ സുധാകരനെ അടക്കം മാറ്റണം: കോൺഗ്രസിൽ ഭിന്നത

kpcc


 

കെപിസിസി പുനഃസംഘടനയിൽ അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതിനെ ചൊല്ലി കോൺഗ്രസ്സിൽ ഭിന്നത. കെ സുധാകരനെ അടക്കം മാറ്റി അടിമുടി അഴിച്ചുപണി വേണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം. എന്നാൽ മാറാൻ തയ്യാറാകാത്ത സുധാകരൻ താഴെ തട്ടിലെ പുനഃസംഘടനക്കുള്ള നീക്കം തുടങ്ങി. നേതൃതലത്തിലെ അഴിച്ചുപണിക്കുള്ള സമയം അതിക്രമിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.


പാലക്കാട്ടെ മിന്നും ജയം പോരെ തിരികെ അധികാരത്തിലേക്കെത്താനെന്നാണ് കെപിസിസി വിലയിരുത്തൽ. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനയിൽ സമൂലമാറ്റമെന്ന ആവശ്യം ശക്തം. അധ്യക്ഷനെ അടക്കം മാറ്റിയുള്ള അഴിച്ചുപണിയെന്ന ആവശ്യം ഗ്രൂപ്പിനതീതമായി ഉയരുന്നുണ്ട്. തലമുറ മാറ്റം വേണമെന്ന് ചെറിയാൻ ഫിലിപ്പും ആവശ്യപ്പെട്ടു. സതീശനും സുധാകരനും തമ്മിലെ അകൽച്ചയും അതേ പടി തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സുധാകരനെ മാറ്റാനുള്ള എംപിമാരുടെ അടക്കം നീക്കങ്ങൾക്കൊപ്പമായിരുന്നു വി ഡി സതീശൻ. ഇപ്പോൾ പക്ഷെ സ്വന്തം നിലക്കുള്ള ശ്രമത്തിനില്ല, ദില്ലി തീരുമാനിക്കട്ടെയെന്നാണ് പ്രതിപക്ഷനേതാവിൻ്റെ നിലപാട്. കണ്ണൂരിലെ സുധാകരൻ്റെ ജയവും ലോക്സഭാ തെരഞ്ഞെടുപ്പിലെ പാർട്ടി മുന്നേറ്റവും അധ്യക്ഷൻ്റെ കരുത്ത് കൂടി. 

മാറ്റിയാൽ സുധാകരൻ എന്തും ചെയ്യുമെന്ന പ്രതിസന്ധിയും പാർട്ടിക്ക് മുന്നിലുണ്ട്. ഇതിനെല്ലാമപ്പുറത്തെ പ്രധാന പ്രശ്നം സുധാകരൻ മാറിയാൽ പകരം ആരെന്ന ചോദ്യമാണ്. സാമുദായിക സമവാക്യം പാലിച്ചൊരു സർവ്വസമ്മതൻ്റെ പേര് ഇതുവരെ ഒരു ചേരിക്കും മുന്നോട്ട് വെക്കാനില്ല. പ്രസിഡന്‍റെ മാറുന്ന പ്രശ്നമില്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ നിലപാട്. കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണിക്കുള്ള നീക്കത്തിലാണ് സുധാകരൻ. 10 ഡിസിസി അധ്യക്ഷന്മാരെയെങ്കിലും ഉടൻ മാറ്റാനാണ് ശ്രമം. വരും ദിവസങ്ങളിലെ ചർച്ചകളുടേെയും നീക്കങ്ങളുടേയും അടിസ്ഥാനത്തിലാകും അഴിച്ചുപണിയിലെ അന്തിമ തീരുമാനം.