പന്തീരാങ്കാവിലെ കെഎസ്ആർടിസിയുടെ വൺവേ ലംഘനം; രണ്ട് താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു

  1. Home
  2. Kerala

പന്തീരാങ്കാവിലെ കെഎസ്ആർടിസിയുടെ വൺവേ ലംഘനം; രണ്ട് താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു

kozhikode


കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം ദേശീയപാതയിൽ കെഎസ്ആർടിസി ബസ് വൺവേ തെറ്റിച്ച് സർവീസ് നടത്തിയ സംഭവത്തിൽ രണ്ട് താത്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കെഎസ്ആർടിസി തിരുവനന്തപുരം നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർ എ. ഗോഡ്വിൻ രാജ്, കണ്ടക്ടർ വി.എസ് ഷാ എന്നിവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഇവർ ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പിരിച്ചുവിടൽ.

കഴിഞ്ഞ ജൂൺ നാലിനാണ് പൊതുജനങ്ങളെയും മറ്റ് വാഹനയാത്രക്കാരെയും അപകടത്തിലാക്കിയ സംഭവം നടന്നത്. തൊണ്ടയാട് നിന്നും ദേശീയപാത ബൈപ്പാസിലേക്ക് കയറിയ ബസ് ടോൾ പ്ലാസയിൽ എത്തിയപ്പോഴാണ് ഫാസ്ടാഗിൽ ആവശ്യത്തിന് പണമില്ലെന്ന് ജീവനക്കാർ അറിഞ്ഞത്. ഇതോടെ ടോൾ നൽകാതിരിക്കാനായി ബസ് വൺവേ തെറ്റിച്ച് സ്പീഡ് ട്രാക്കിലൂടെ മൂന്ന് കിലോമീറ്ററിലധികം ദൂരം പിന്നോട്ട് ഓടിക്കുകയായിരുന്നു. മറ്റ് വാഹനങ്ങളിലെ യാത്രക്കാർ ശക്തമായി പ്രതികരിച്ചതോടെയാണ് ബസ് പിന്നീട് സ്ലോ ട്രാക്കിലേക്ക് മാറ്റിയത്.

തുടർന്ന് സമീപത്തുള്ള എക്സിറ്റിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കുമുണ്ടായി. നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞതോടെ ദേശീയപാത അതോറിറ്റി ഈ ദൃശ്യങ്ങൾ പൊലീസിനും മോട്ടോർ വാഹനവകുപ്പിനും കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം നടത്തി ജീവനക്കാർക്കെതിരെ അടിയന്തര നടപടിയെടുത്തത്.