'പൊലീസ് റിമാന്‍ഡ് പ്രതിയെ മര്‍ദ്ദിച്ചു', കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി അഭിഭാഷകര്‍

  1. Home
  2. Kerala

'പൊലീസ് റിമാന്‍ഡ് പ്രതിയെ മര്‍ദ്ദിച്ചു', കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി അഭിഭാഷകര്‍

COURT


കോടതിയിൽ നിന്ന് ഇറക്കി കൊണ്ട് പോകുന്നതിനിടെ പൊലീസുകാർ റിമാൻഡ് പ്രതിയെ മര്‍ദിച്ചെന്നാരോപിച്ച് കാഞ്ഞിരപ്പളളി കോടതിക്കു മുന്നില്‍ അഭിഭാഷകരുടെ പ്രതിഷേധം. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് അഭിഭാഷകന് പൊലീസ് മർദ്ദനമേറ്റതിൽ സംസ്ഥാന വ്യാപകമായി കോടതികൾ ബഹിഷ്ക്കരിച്ച് അഭിഭാഷകർ പ്രതിക്ഷേധിച്ചിരുന്നു.

ഇതിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി കോടതിയുടെ പരിസരത്തും അഭിഭാഷകർ യോഗം ചേർന്നു. ഇതിനിടെയാണ് റിമാൻ്റ് പ്രതിയായ ഇടുക്കി തങ്കമണി സ്വദേശിയായ സുഭാഷ് എന്ന പ്രതിയുമായി പോലീസ് ഇതുവഴി കടന്നു പോയത്. ഈ സമയം പോലീസുകാർ പ്രതിയെ അഭിഭാഷകരുടെ മുൻപിലിട്ട് മർദിച്ചു എന്നായിരുന്നു ആരോപണം.

മർദ്ദനമേറ്റ പ്രതിയുടെ മൊഴി രേഖപ്പെടുത്തണമെന്ന് അഭിഭാഷകർ ആവശ്യപ്പെടുകയും പ്രതിയെ കയറ്റിയ പൊലീസ് വാഹനം തടയുകയുമായിരുന്നു. പിന്നീട് കാഞ്ഞിരപ്പള്ളി, പൊൻകുന്നം സിഐമാരെത്തി അഭിഭാഷകരുമാരുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചാണ് പ്രതിയുമായി മടങ്ങിയത്. റിമാന്‍റിലായ പ്രതി കോടതിയിൽ നിന്ന്  മടങ്ങാൻ വിസമ്മതിച്ചപ്പോൾ ബലമായി വാഹനത്തിൽ കയറ്റുക മാത്രമാണ് ഉണ്ടായതെന്ന് പൊലീസ് വിശദീകരിച്ചു.