ന്യൂനമർദപാത്തിയും ചക്രവാതച്ചുഴിയും: സംസ്ഥാനത്ത് അതിതീവ്ര മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്

  1. Home
  2. Kerala

ന്യൂനമർദപാത്തിയും ചക്രവാതച്ചുഴിയും: സംസ്ഥാനത്ത് അതിതീവ്ര മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്

rain alert


തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ-പടിഞ്ഞാറൻ അറബിക്കടലിന്റെ വലിയ ഭാഗങ്ങളിലും മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാനയുടെ ചില പ്രദേശങ്ങളിലും കാലവർഷം വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് മുകളിലായി ന്യൂനമർദപാത്തിയും കൊങ്കൺ തീരത്തിന് സമീപം മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജൂൺ 9 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും, ജൂൺ 12 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും നിലനിൽക്കുന്നു. മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരളം-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂൺ 10 വരെ മത്സ്യബന്ധനം പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കൂടാതെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം, ഒഡിഷ, പശ്ചിമ ബംഗാൾ തീരം, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ മ്യാന്മാർ, വടക്ക് കിഴക്ക് ബംഗാൾ ഉൾക്കടൽ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.