മധുകൊലക്കേസ്; പൊലീസിനെതിരെ പരാതിയുമായി പ്രതികൾ, താക്കീത് ചെയ്ത് കോടതി

  1. Home
  2. Kerala

മധുകൊലക്കേസ്; പൊലീസിനെതിരെ പരാതിയുമായി പ്രതികൾ, താക്കീത് ചെയ്ത് കോടതി

police


വിചാരണക്കോടതിയിൽ പൊലീസിനെതിരെ പരാതിയുമായി മധുകൊലക്കേസ് പ്രതികൾ. പൊലീസ് മരുന്ന് നൽകിയില്ലെന്നാണ് പ്രതികളുടെ പരാതി. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇന്നലെ കീഴടങ്ങിയതിന് പിന്നാലെ രാത്രി ഭക്ഷണത്തിന്റെ പണം ഇവർ തന്നെയാണ് കൊടുത്തതെന്നും പ്രതികൾ കോടതിയെ അറിയിച്ചു.

ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ 11 പ്രതികൾ ഇന്നലെ കീഴടങ്ങിയിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രതികൾ മണ്ണാർക്കാട് കോടതിയിൽ കീഴടങ്ങിയത്. നടപടികൾ പൂർത്തിയാക്കി ജയിലിലേക്ക് മാറ്റാൻ വൈകിയതിനാൽ രാത്രി ഭക്ഷണത്തിന്റെ പണം പ്രതികൾ തന്നെയാണ് നൽകിയത്. ഇതും പ്രതികൾ കോടതിയിൽ പരാതിയായി അറിയിച്ചു. മാൻഡ് ചെയ്ത പ്രതികളുടെ മരുന്നും ഭക്ഷണവും സർക്കാർ നൽകണം എന്നാണ് പ്രതികളുടെ ആവശ്യം. കൈവിലങ്ങ് ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കാൻ പൊലീസിനോട് നിർദ്ദേശിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.

കുറ്റം തെളിയുന്നത് വരെ പ്രതികൾ നിരപരാധികൾക്ക് തുല്യരെന്നും മാന്യമായി പെരുമാറണമെന്നും കോടതി പൊലീസിന് മുന്നറിയിപ്പ് നൽകി. പെരുമാറ്റം മോശമായാൽ നടപടി എടുക്കുമെന്നും പൊലീസിനോട് വിചാരണക്കോടതി താക്കീത് ചെയ്തു. അതേസമയം, കേസിൽ 49 മുതൽ 53 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്തരിക്കും.