മോൻതാ ഇന്ന് തീരം തൊടും; 110 കിലോമീറ്റർ വേഗത്തിൽ തീവ്രചുഴലിക്കാറ്റ്; സംസ്ഥാനത്ത് 7 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'മോൻതാ' തീവ്രചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനം കാരണം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ചുഴലിക്കാറ്റ് തീരം തൊടുന്ന സാഹചര്യത്തിൽ ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആന്ധ്രാ തീരത്ത് മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ തീവ്രചുഴലിക്കാറ്റിന് സാധ്യത പ്രവചിക്കുന്നതിനാൽ ദുരന്തനിവാരണ സേനയെ വിന്യസിച്ചു കഴിഞ്ഞു.
ഇന്നും നാളെയും മറ്റന്നാളുമായി കർണാടക തീരം, കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തോടു ചേർന്ന സമുദ്ര പ്രദേശങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
