MSC എൽസ കപ്പൽ മുങ്ങിയ കേസ്: മൂന്ന് വിദേശ നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ ഹൈക്കോടതി അനുമതി

  1. Home
  2. Kerala

MSC എൽസ കപ്പൽ മുങ്ങിയ കേസ്: മൂന്ന് വിദേശ നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ ഹൈക്കോടതി അനുമതി

   msc elsa 3


കേരള തീരത്ത് എംഎസ്സി എൽസ 3 ചരക്കുകപ്പൽ മുങ്ങിയ കേസിൽ മൂന്ന് വിദേശ നാവികർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ഹൈക്കോടതി അനുമതി .പത്ത് ലക്ഷം രൂപയുടെ ജാമ്യബോണ്ട് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് കോടതി അനുമതി നൽകിയത്. അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ഇലക്ട്രോ ടെക്‌നിക്കൽ ഓഫീസറായ ഹോർദിയേവ് വലേരി, ഡെക്ക് ജീവനക്കാരനായ കാസ്റ്റനെഡ റൊണാൾഡ് പുൻസലാൻ, എഞ്ചിൻ റൂം ജീവനക്കാരനായ വെലാസ്‌കോ റയാൻ ഒന്റോളൻ എന്നിവർക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചത്.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് നാവികരുടെ ഹർജി പരിഗണിച്ചത്. കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ അന്വേഷണം നീണ്ടുപോകുന്നതിൽ ഷിപ്പിംഗ് ഡയറക്ടർ ജനറലിനെ കോടതി വിമർശിച്ചിരുന്നു. നാവികർ ഇന്ത്യയിൽ തുടരേണ്ട അനിവാര്യതയുണ്ടോയെന്നും ഓൺലൈൻ സംവിധാനത്തിലൂടെ തെളിവെടുപ്പ് നടത്താനാകില്ലേയെന്നും കോടതി ചോദിച്ചിരുന്നു.

2025 മെയ് 25-ന് കൊച്ചിയിൽ നിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെയായാണ് കപ്പൽ കടലിൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡും നേവിയും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ കേരള തീരത്തിന് വലിയ ആഘാതമാണ് ദുരന്തമുണ്ടാക്കിയത്.