മുനമ്പം ഭൂമി പ്രശ്നം; മുഖ്യമന്ത്രിയുമായി സമര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി
മുനമ്പം ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സമര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നവംബർ 22 ന് ഉന്നതതല യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും ബിഷപ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. മുനമ്പത്തിന്റെ കണ്ണീർ തോരാനുള്ള ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.