വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചു; ആർ. ശ്രീലേഖ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി. സ്ഥാനാർഥിയും മുൻ ഡി.ജി.പി.യുമായ ആർ. ശ്രീലേഖ വോട്ടെടുപ്പ് ദിവസം ഫേസ്ബുക്കിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം പ്രീ പോൾ സർവേ ഫലം പങ്കുവയ്ക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് പ്രധാന വിമർശനം. ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോർപ്പറേഷനിൽ എൻ.ഡി.എ.യ്ക്ക് മുൻതൂക്കം ലഭിക്കുമെന്ന സർവേ ഫലമാണ് ആർ. ശ്രീലേഖ പങ്കുവെച്ചത്. 'സി ഫോർ സർവേ പ്രീ പോൾ ഫലം' എന്ന പേരിലാണ് ഈ പോസ്റ്റർ അവർ ഇന്ന് രാവിലെ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമനുസരിച്ച് പ്രീ പോൾ സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ല.
ബി.ജെ.പി. 60 സീറ്റ് വരെ പിടിക്കുമെന്ന ശ്രീലേഖയുടെ പ്രസ്താവന രാഷ്ട്രീയ അജ്ഞതയാണെന്ന് മന്ത്രി ശിവൻകുട്ടി വിമർശിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫ്.-ബി.ജെ.പി. വോട്ടുകച്ചവടം നടന്നിട്ടുണ്ട്. എൽ.ഡി.എഫിന്റെ വിജയസാധ്യതയെ ഇതൊന്നും ബാധിക്കില്ലെന്നും കോർപ്പറേഷൻ ഭരണം നിലനിർത്തുമെന്നും വി. ശിവൻകുട്ടി അവകാശപ്പെട്ടു. നേരത്തെ, പ്രചാരണ ബോർഡുകളിൽ 'ഐ.പി.എസ്.' എന്ന് ഉപയോഗിച്ചതിനെതിരെയും ആർ. ശ്രീലേഖക്കെതിരെ പരാതി ഉയർന്നിരുന്നു.
