നിർമാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്: സാന്ദ്രാ തോമസിന് തിരിച്ചടി; ഹർജി കോടതി തള്ളി
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർമാതാവ് സാന്ദ്രാ തോമസിന്റെ ഹർജി എറണാകുളം സബ് കോടതി തള്ളി.വരണാധികാരിയെ മാറ്റണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
മൂന്ന് ഹർജികളുമായാണ് സാന്ദ്രാ തോമസ് കോടതിയെ സമീപിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തരുത്, വരണാധികാരിയെ മാറ്റണം, അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണം എന്നീ ആവശ്യങ്ങളായിരുന്നു സാന്ദ്ര ഉന്നയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നൽകിയ പത്രിക തള്ളിയതിനെതിരായ കേസിൽ കോടതി വിധി പറഞ്ഞിട്ടില്ല.
വിധി അപ്രതീക്ഷിതവും നിരാശാജനകമാണെന്നും സാന്ദ്രാ തോമസ് ഫെയ്സ്ബുക്കിൽ പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികൾ സ്വീകരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ എക്സിക്യൂട്ടീവ് പദവികളിലേക്ക് മത്സരിക്കാൻ തനിക്ക് അർഹതയുണ്ടെന്ന് സാന്ദ്ര കോടതിയിൽ വാദിച്ചിരുന്നു. തിരഞ്ഞെടുപ്പ് താത്കാലികമായി നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിയമവിരുദ്ധമായാണ് തന്റെ പത്രിക തള്ളിയതെന്നായിരുന്നു സാന്ദ്രയുടെ ആരോപണം.
പ്രസിഡന്റ്, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്ര പത്രിക നൽകിയിരുന്നത്. യോഗ്യത കാണിക്കാൻ ആവശ്യമായ സിനിമകളുടെ എണ്ണം നൽകിയിട്ടില്ലെന്നു ചുണ്ടിക്കാണിച്ചാണ് വരണാധികാരി പത്രിക തള്ളിയത്. ഒൻപത് സിനിമകൾ നിർമിച്ചിട്ടുണ്ടെന്നാണ് സാന്ദ്രയുടെ വാദം. ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴു സിനിമകളും സ്വന്തം ബാനറിൽ രണ്ടും. എന്നാൽ, നിർമാതാവ് എന്നനിലയിൽ സ്വതന്ത്രമായി മൂന്നുസിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു വരണാധികാരിയുടെ നിലപാട്.സാന്ദ്രനൽകിയ മൂന്നു സർട്ടിഫിക്കറ്റുകളിൽ അവസാനത്തേത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിലുള്ളതാണെന്നും അത് പരിഗണിക്കാനാകില്ലെന്നുമാണ് വരണാധികാരി പറഞ്ഞത്.
