അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ പിടിച്ച കടുവയ്ക്കായി തെരച്ചിൽ ഊർജിതം

  1. Home
  2. Kerala

അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ പിടിച്ച കടുവയ്ക്കായി തെരച്ചിൽ ഊർജിതം

kaduva


 

വയനാട് പുൽപള്ളിയിലെ അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ പിടിച്ച കടുവയ്ക്കായി തെരച്ചിൽ ഊർജിതം. കടുവയുടെ കാൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ കണ്ടെത്താനാണ് ശ്രമം. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘവും തെരച്ചിലിൽ ഭാഗമായിട്ടുണ്ട്. കുങ്കിയാനകളായ വിക്രമിനെയും സുരേന്ദ്രനെയും 12 മണിയോടെ അമരക്കുനിയിലെത്തിക്കും. ആര്‍ആര്‍ടി സംഘവും വനംവകുപ്പ് ജീവനക്കാരും പല ടീമുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. തെര്‍മൽ ക്യാമറ ഉപയോഗിച്ചുള്ള തെരച്ചിലും നടത്തുന്നുണ്ടെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ അറിയിച്ചു.


കുങ്കിയാനകളെ എത്തിച്ചശേഷം കൂടുതൽ വിപുലമായ തെരച്ചിൽ ആരംഭിക്കാനാകും. കടുവകളെ തെരയാനും ആവശ്യമെങ്കിൽ ആനപ്പുറത്ത് ഇരുന്നുകൊണ്ട് മയക്കുവെടിവെക്കാനും കുങ്കിയാനകളെ ഉപയോഗിക്കാനാകും. കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെച്ച് പിടികൂടാനാണ് സാധ്യത. പലയിടത്തായി സ്ഥാപിച്ച ക്യാമറ ട്രാപ്പുകൾ വിശകലനം ചെയ്താകും ആര്‍ആര്‍ടിയുടെ പരിശോധന.

കടുവയെ കണ്ടെത്തുകയും ഉചിതമായ സാഹചര്യവും ഉണ്ടായാൽ മയക്കുവെടിവച്ചു പിടികൂടും. അവശനായ കടുവ വീണ്ടും ഇരതേടി വരും എന്ന പ്രതീക്ഷയിൽ 2 ഇടത്ത് വനംവകുപ്പ് കൂടൊരുക്കിയും നിരീക്ഷിക്കുന്നുണ്ട്. പ്രദേശം വിട്ട് കടുവ ഇതുവരെ പോയിട്ടില്ല. കടുവപിടുത്തം വൈകുന്നതിൽ നാട്ടുകാർ പരിഭവപ്പെടുന്നുണ്ട്. കടുവയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് മുന്നറിയിപ്പ് അനൗണ്‍സ്മെന്‍റും നൽകുന്നുണ്ട്.